ബെയ്ജിങ്ങിന് സമീപം വീണ്ടും കോവിഡ് കേസുകള്‍, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന

ബെയ്ജിങ്: കോവിഡ് 19 കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തതിന്റ പശ്ചാത്തലത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന. ഹെബി പ്രവിശ്യയിലെ അൻക്സിൻ കൗണ്ടിയിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചയാണ് അൻക്സിൻ പൂർണമായും അടച്ചതായി അധികൃതർ പ്രഖ്യാപിച്ചത്. നാലു ലക്ഷം പേരെയാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ബാധിക്കുക.
അവശ്യ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മാത്രമാണ് വീട്ടിൽനിന്ന് പുറത്തിങ്ങാൻ അനുവാദം. അതേസമയം, ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ദിവസത്തിൽ ഒരിക്കൽ പുറത്തുപോകാനും അനുമതി നൽകിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്നവർക്കെതിരെ പോലീസ് ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. ബെയ്ജിങ്ങിൽ നിന്ന് 150 കിലോ മീറ്റർ തെക്കായിട്ടാണ് അൻക്സിൻ. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാൽ വൈറസ് വ്യാപനം അതിവേഗം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കോവിഡ് 19 ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. കേസുകൾ ദിനംപ്രതി വർധിച്ചിരുന്നുവെങ്കിലും വൈറസ് വ്യാപനം നിയന്ത്രിക്കാൻ ചൈനയ്ക്ക് സാധിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്തത്. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് രാജ്യം സ്വീകരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 14 പുതിയ കോവിഡ് 19 കേസുകളാണ് ബെയ്ജിങ്ങിൽ റിപ്പോർട്ട് ചെയ്തത്. ബെയ്ജിങ്ങിന് സമീപമുള്ള നിരവധി പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്ര പരിമിതപ്പെടുത്തി. വലിയ തോതിൽ സാമ്പിൾ പരിശോധനകൾ നടപ്പാക്കിയിരുന്നു.
Content Highlights:Virus spike near Beijing, China locks down 4 Lakhs people
Content Highlights: