ഫാൻസികടയില്‍ തുടക്കം, പിന്നെ ബാങ്കുകളടക്കം കൈപ്പിടിയിൽ; 68-കാരിയുടേത് 3.72 ലക്ഷം കോടിയുടെ വെട്ടിപ്പ്

ട്രുവോങ് | ഫോട്ടോ: AP
ട്രുവോങ് | ഫോട്ടോ: AP

വിയറ്റ്‌നാം: 3,72,000 കോടി രൂപയുടെ ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ വിയറ്റ്‌നാംകാരിയായ വനിതാ വ്യാപാരിയുടെ വധശിക്ഷ ശരിവെച്ച് കോടതി. വിയറ്റ്‌നാമിലെ റിയല്‍എസ്‌റ്റേറ്റ് പ്രമുഖ കൂടിയായ ട്യുമിയാന്‍(68) ന്റെ വധശിക്ഷയാണ് ചൊവ്വാഴ്ച വിയറ്റ്‌നാം കോടതി ശരിവെച്ചത്. വധശിക്ഷയൊഴിവാക്കാന്‍ എഴുപതിനായിരം കോടി രൂപയാണ് ഇവര്‍ കണ്ടത്തേണ്ടത്. അങ്ങനെയായാല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കും. വിയറ്റ്‌നാമില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചുരുക്കം ചില വനിതകളില്‍ ഒരാളാണ് ട്യൂമിയാന്‍. 

2011 മുതല്‍ വിയറ്റ്‌നാമിലെ സയ്‌ഗോണ്‍ കൊമേഴ്‌സ്യല്‍ ബാങ്കിന്റെ നിയന്ത്രണം രഹസ്യമായി ഏറ്റെടുത്ത് കടലാസ് കമ്പനികള്‍വഴി ലോണ്‍ സംഘടിപ്പിച്ച് പത്ത് വര്‍ഷത്തിനിടെ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് കഴിഞ്ഞ ഏപ്രിലില്‍ വിയറ്റ്‌നാം കോടതി കണ്ടെത്തിയത്. ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തന്റെ സ്വന്തക്കാരെ ബാങ്കില്‍ നിയമിക്കുകയായിരുന്നു. അവര്‍വഴി നിരവധി ലോണുകള്‍ ട്യൂമിയാന്‍ സംഘടിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്നാണ് ഈ തട്ടിപ്പ് പുറത്താവുകയും അറസ്റ്റിലാവുകയും ചെയ്തത്.

കഴിഞ്ഞവര്‍ഷം ഏപ്രിലിലായിരുന്നു ഇവരെ കുറ്റക്കാരിയായി കണ്ടെത്തിയത്. ഇതിന്റെ വാദം നടക്കുന്നതിനിടെയാണ് ട്യൂമിയാന്‍ വധശിക്ഷയൊഴിവാക്കാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. പക്ഷെ, ഇത് തള്ളിക്കൊണ്ടാണ് കോടതി ചൊവ്വാഴ്ച കോടതി വിധി പറഞ്ഞത്. എന്നാല്‍, ട്യൂമിയാന് ഇനിയും അപ്പീലിന് അവസരമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ട്യൂമിയാന്‍ വിചാരണയ്ക്കിടെ| ഫോട്ടോ: AFP

അമ്മയോടൊപ്പം സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കട തുടങ്ങിയായിരുന്നു ട്യൂമിയാന്‍ ബിസിനസ് രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. 1986-ല്‍ വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക പരിഷ്‌കരണത്തിനു ശേഷം ഭൂമി വാങ്ങുകയും പിന്നീട് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലേക്ക് കടക്കുകയുമായിരുന്നു. ഹോട്ടലുകളും റസ്റ്ററന്റുകളും സ്വന്തമാക്കിയ ഇവര്‍ പിന്നീട് വിയറ്റ്‌നാമിലെ റിയല്‍എസ്റ്റേറ്റ് രംഗത്തെ പ്രമുഖയായി. ഇതോടെ പല സ്ഥാപനങ്ങളുടെയും ഓഹരികളും വാങ്ങി. ഇതുവഴിയാണ് സയ്‌ഗോണ്‍ കൊമേഴ്‌സ്യല്‍ ബാങ്കിന്റെ നിയന്ത്രണവും കൈക്കലാക്കിയത്.

കടലാസ് കമ്പനികള്‍വഴി സായ്‌ഗോണ്‍ ബാങ്കിന്റെ 90 ശതമാനം ഓഹരിയും ഇവര്‍ സംഘടിപ്പിച്ചുവെന്ന് കോടതി കണ്ടെത്തി. ഏതെങ്കിലും സ്ഥാപനത്തിന്റെ അഞ്ച് ശതമാനം ഓഹരിയില്‍ കൂടുതല്‍ ഒരു വ്യക്തി കൈവശംവെക്കുന്നത് വിയറ്റ്‌നാം നിയമം അനുവദിക്കുന്നില്ല. ഈ നിയമം നിലനില്‍ക്കെയാണ് ബാങ്കിന്റെ 90 ശതമാനം ഓഹരി ഇവര്‍ കൈക്കലാക്കിയത്. 

കേസുമായി ബന്ധപ്പെട്ട് ട്യൂമിയാനടക്കം 88 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവും മരുമകനുമടക്കം കേസില്‍ പ്രതിയായിരുന്നു. വധശിക്ഷ ഒഴിവാക്കാനുള്ള 70,000 കോടി രൂപ കണ്ടെത്താനാവുമെന്ന് ട്യൂമിയാനിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും സ്വത്ത് വകകള്‍ വിറ്റാലും ഈ തുക കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Content Highlights: Vietnamese tycoon loses death row appeal over world's biggest bank fraud