ഉസ്മാൻ ഹാദിയുടെ കൊലപാതകികളെ കണ്ടെത്താനായില്ല; അവസരം മുതലാക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ

ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ തീവ്രവാദ നേതാവും ധാക്ക-8 സ്ഥാനാർത്ഥിയുമായ ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിനു പിന്നിൽ ആരാണെന്നത് സമസ്യയായി തുടരുന്നു. കാറിൽ സഞ്ചരിക്കവേ അജ്ഞാതരായ ബൈക്ക് യാത്രക്കാരുടെ വെടിയേറ്റു കൊല്ലപ്പെട്ട യുവനേതാവിന്റെ മരണത്തിനു പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ ഇതുവരെ ബംഗ്ലാദേശ് പോലീസ്‌നു സാധിച്ചിട്ടില്ല.

ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുണ്ടായ കൊലപാതകം രാഷ്ട്രീയക്കൊടുങ്കാറ്റ് ഉയർത്തിവിടുമെന്നു തീർച്ചയാണ്. നിലവിൽ നിരോധിക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ അവാമി ലീഗോ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബിഎൻപി)യോ ഇതു തിരഞ്ഞെടുപ്പ് ചർച്ചയാക്കില്ല. അതേസമയം, രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ അവസരം മുതലാക്കുമോ എന്ന ആശങ്കയുണ്ട്.

ഉസ്മാൻ ഹാദിയെ വെടിവെച്ചതായി ആരോപിക്കപ്പെടുന്ന ഫൈസൽ കരീമിന് രണ്ട് തവണ ജാമ്യത്തിനായി വാദിച്ചത് ജമാഅത്തെ ഇസ്ലാമി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ മുഹമ്മദ് ഷിഷിർ മോനിയാണെന്ന് ബിഎൻപി നേതാവും മുൻ എംപിയുമായ നിലോഫർ ചൗധരി മോനി ആരോപിച്ചു.

'ഹാദിയെ വെടിവെച്ചയാൾക്ക് രണ്ട് തവണ ജാമ്യം കിട്ടാൻ സഹായിച്ചത് മുഹമ്മദ് ഷിഷിർ മോനിയാണ്. ഞാൻ ഇത് ഉത്തരവാദിത്തത്തോടെ പറയുന്നു. ഞാൻ കൂടുതൽ സംസാരിച്ചാൽ, എനിക്ക് സുരക്ഷിതമായി വീട്ടിൽ പോകാൻ കഴിയില്ല. ഞങ്ങൾ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതി ഇതിനല്ല.' നിലോഫർ ചൗധരി പറഞ്ഞു.

അതേസമയം, പുറത്തായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിരോധിക്കപ്പെട്ട അവാമി ലീഗുമായി ഫൈസൽ കരീമിനെ ബന്ധപ്പെടുത്തി ഇന്ത്യാവിരുദ്ധ വികാരങ്ങൾ ഇളക്കിവിടാൻ തീവ്രവാദ ഗ്രൂപ്പുകൾ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ, ഫൈസൽ കരീം ഇന്ത്യയിലേക്കു കടന്നുവെന്നതിനു തെളിവില്ലെന്ന് ബംഗ്ലാദേശ് പോലീസ്‌ പറയുന്നു.

യുഎസ് ആസ്ഥാനമായ ഇന്റർനാഷണൽ റിപ്പബ്ലിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് നവംബറിൽ നടത്തിയ സർവേയിൽ 33% പേർ ബിഎൻപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ, 29% ജമാഅത്ത് ഇസ്‌ലാമിക്കാണ് പിന്തുണ നൽകുന്നത്. അതേസമയം, 53% പേർ ജമാഅത്തെയെ ഇഷ്ടപ്പെടുന്നു എന്നു രേഖപ്പെടുത്തിയപ്പോൾ ബിഎൻപിയെ 51% പേരാണ് പിന്തുണച്ചത്.

ഷെയ്ഖ് ഹസീന വിരുദ്ധ ഇൻക്വിലാബ് മഞ്ചിന്റെ വക്താവ് കൂടിയായിരുന്നു ഇന്ത്യാവിരുദ്ധ തീവ്രവാദ നേതാവായിരുന്ന ഉസ്മാൻ ഹാദി . ഡിസംബർ 12-ന് മുഖംമൂടി ധരിച്ച, ബൈക്കിലെത്തിയ തോക്കുധാരികളാണ് ഇയാളെ വെടിവെച്ചത്. പ്രതിയായ ഫൈസൽ കരീം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായി തീവ്രവാദ ഗ്രൂപ്പുകൾ അന്നുമുതലേ പ്രചാരം തുടങ്ങിയിരുന്നു.

Content Highlights: Bangladeshi politician Sharif Usman Hadi`s murder remains unsolved. As elections loom, terror groups may exploit the political vacuum and anti-India sentiment. Explore the developing story.