യുകെയിലെ താവളത്തിൽ നിന്ന് എല്ലാ ബോംബർ വിമാനങ്ങളെയും യുഎസ് പിൻവലിച്ചു, അസാധാരണം; ആക്രമണ ഭീഷണിയോ?

#ന്യൂസ് ഡെസ്ക്
യുകെയിലെ താവളത്തിലുണ്ടായിരുന്ന ബി-1 ബോംബര്‍ വിമാനം |ഫോട്ടോ:AFP
യുകെയിലെ താവളത്തിലുണ്ടായിരുന്ന ബി-1 ബോംബര്‍ വിമാനം |ഫോട്ടോ:AFP

ലണ്ടൻ: പുതിയ ഭീഷണികൾ ഉയർന്ന സാഹചര്യത്തിൽ യുകെയിലെ താവളത്തിൽനിന്ന് അമേരിക്ക തങ്ങളുടെ എല്ലാ ബോംബർ വിമാനങ്ങളെയും പിൻവലിച്ചു. ആക്രമണ സാധ്യതയെത്തുടർന്ന് യുകെയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള റോയൽ എയർ ഫോഴ്‌സ് (RAF) താവളമായ ഫെയർഫോർഡിൽ നിന്ന് 12 ഓളം ബി-1 ബോംബർ വിമാനങ്ങളാണ് പിൻവലിച്ചത്. ഇക്കാര്യം പെന്റഗൺ സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയിലെ തങ്ങളുടെ സ്വന്തം താവളങ്ങളിലേക്കാണ് വിമാനം മാറ്റിയത്. അതേസമയം എന്തു കാരണംകൊണ്ടാണ് വിമാനങ്ങൾ മാറ്റിയതെന്ന് പെന്റഗൺ വ്യക്തമാക്കിയിട്ടില്ല.

സെപ്റ്റംബർ 27ന് ഈ വ്യോമസേന താവളത്തിന് സമീപം മൂന്ന് സംശയാസ്പദമായ വാഹനങ്ങൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇറാൻ ഈ താവളം ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ബോംബർ വിമാനങ്ങൾ യുഎസ് മാറ്റിയിരിക്കുന്നത്.

അതേസമയം യു.എസ് സൈന്യം ബോംബർ വിമാനങ്ങളെ ഈ മേഖലയിലെ മറ്റൊരു താവളത്തിലേക്ക് മാറ്റുന്നതിന് പകരം അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുപോയത് അസാധാരണമാണ്. സംഭവത്തിൽ യുകെയുടെ ഭാഗത്ത്‌നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. എല്ലാ വിമാനങ്ങളും ഒരേസമയം മാറ്റുന്നതും അസാധാരണമായാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനെതിരെയുള്ള യുദ്ധത്തിൽ പങ്കാളികളായ യുഎസിന്റെ ബി-1 ബോംബർ വിമാനങ്ങൾ വിന്യസിക്കാൻ ഈ താവളങ്ങൾ ഉപയോഗിച്ചിരുന്നു. ദൂരപരിധി കൂടിയ ആക്രമണങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ള യുഎസ് ഗ്ലോബൽ സ്‌ട്രൈക്ക് കമാൻഡിന്റെ പ്രവർത്തന കേന്ദ്രം കൂടിയാണിത്.

അതേസമയം സെപ്റ്റംബറിൽ കണ്ടെത്തിയ മൂന്ന് വാനുകളിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ ഈ സംഭവത്തിൽ ഇറാൻ ഉൾപ്പെട്ടിട്ടുണ്ടെന്നതിന് ശക്തമായ സൂചനകളുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർഹാം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 'ഞങ്ങൾ കൃത്യസമയത്ത് കൂടുതൽ കാര്യങ്ങൾ പറയും, എന്നാൽ ഇറാൻ ഇതിൽ ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' സെപ്റ്റംബർ 30 ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. അതേസമയം തങ്ങൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ച് വരുത്തി അറിയിച്ചിരുന്നു.

Content Highlights: US has withdrawn approximately 12 B-1 bomber aircraft from RAF Fairford in the UK., The withdrawal follows the sighting of suspicious vehicles near the base on September 27 and subsequent arrests., British Prime Minister Andy Burnham indicated belief that Iran played a role in the security plot., Iran has denied any involvement in the incident., The Pentagon confirmed the relocation of the aircraft back to US bases without specifying detailed reasons.