US ആക്രമിച്ചേക്കാം; ജാഗ്രതയിലെന്ന് കാനഡ, ഒന്നിച്ചുനിന്നവർ കൊമ്പുകോർക്കുമോ? അങ്കലാപ്പിൽ വടക്കേ അമേരിക്ക

വാഷിങ്ടൺ: യു.എസിൽനിന്ന് സൈനികനടപടിയുണ്ടാകാനുള്ള സാധ്യത കാനഡ പരിഗണിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രസ്താവനയോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ അസാധാരണമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നു. ഏതാണ്ട് 8,900 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഇരുരാജ്യങ്ങളും പതിറ്റാണ്ടുകളായി നോർത്ത് അമേരിക്കൻ എയ്‌റോസ്‌പെയ്‌സ് ഡിഫൻസ് കമാൻഡ് (NORAD) വഴി സംയുക്തമായാണ് വടക്കേ അമേരിക്കൻ വ്യോമ-സമുദ്ര മേഖലകളുടെ പ്രതിരോധം നിർവഹിക്കുന്നത്.
എന്നാൽ യു.എസ്. സൈനികനടപടിയെന്നത് വളരെ അപൂർവമായിമാത്രം സംഭവിക്കാവുന്ന ഒരു സാധ്യതയാണെങ്കിൽപ്പോലും അതിനെയും ഗൗരവത്തോടെ കണ്ട് മുൻകരുതലുകളെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് കാർണി ഇപ്പോൾ പ്രതികരിച്ചത്. വ്യാപാരതർക്കങ്ങളും കാനഡയെ യു.എസിന്റെ '51-ാം സ്ഥാനം' എന്ന് ട്രംപ് വിശേഷിപ്പിച്ചതുംമൂലം ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
സൈനികശേഷിയിൽ കാനഡയേക്കാൾ ഏറെ മുന്നിലാണ് യു.എസ്. കാനഡയേക്കാൾ എത്രയോ മടങ്ങ് വലുതാണ് യു.എസിന്റെ പ്രതിരോധ ബജറ്റ്. 2025-ൽ യു.എസിന്റെ പ്രതിരോധ ബജറ്റ് 895 ശതകോടി ഡോളറായിരുന്നുവെങ്കിൽ, 2026-ൽ അത് ഒരു ട്രില്യൺ ഡോളറായി ഉയർന്നു. 2027 സാമ്പത്തികവർഷത്തിൽ 1.45 ട്രില്യൺ ഡോളറിന്റെ ബജറ്റാണ് യു.എസ്. പ്രതീക്ഷിക്കുന്നത്. എന്നാൽ കാനഡ പ്രതിരോധമേഖലയ്ക്കായി 2025-26 വർഷത്തിൽ 25 ബില്യൺ കോടി ഡോളറും 2026-27 വർഷത്തിൽ 37 ബില്യൺ ഡോളറുമാണ് ചെലവഴിച്ചത്. സൈനികരുടെ എണ്ണത്തിലാണെങ്കിൽ, യു.എസിന് 13.4 ലക്ഷം സൈനികരുള്ളപ്പോൾ കാനഡയുടെ സൈനികബലം വെറും 68,473 ആണ്. യുദ്ധവാഹനങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും വലിയ അന്തരമുണ്ട്.
എഫ്-35എ, എഫ്-22, എഫ്-15, എഫ്-16 തുടങ്ങിയ മുൻനിര യുദ്ധവിമാനങ്ങളും ബി-1ബി, ബി-2, ബി-52 തുടങ്ങിയ സ്ട്രാറ്റജിക് ബോംബറുകളും അടങ്ങുന്ന കൂറ്റൻ വ്യോമസേനയാണ് യു.എസിന്റേത്. മറുഭാഗത്ത്, പഴക്കമേറിയ സിഎഫ്-18 വിമാനങ്ങൾക്ക് പകരം 88 എഫ്-35എ വിമാനങ്ങൾ വാങ്ങാൻ കാനഡ കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിലും അവ പൂർണമായും ലഭിച്ചുതുടങ്ങിയിട്ടില്ല. സമുദ്രത്തിൽ യു.എസ്. വിമാനവാഹിനിക്കപ്പലുകളും ആണവ അന്തർവാഹിനികളുമുപയോഗിച്ച് ആഗോളതലത്തിൽ കരുത്ത് കാട്ടുമ്പോൾ, ഹാലിഫാക്‌സ് ക്ലാസ് ഫ്രിഗേറ്റുകളും ഹാരി ഡിവിൾഫ് ക്ലാസ് പട്രോൾ കപ്പലുകളുമാണ് കാനഡയുടെ പ്രധാന കരുത്ത്. യു.എസിന്റെ കൈയിൽ ആണവായുധമുണ്ട്, കാനഡയുടെ കൈയിൽ അതില്ല എന്ന വലിയ വ്യത്യാസവും നിലനിൽക്കുന്നു.
Content Highlights: Canadian PM Mark Carney addresses the extreme tail risk of potential US military action amid trade disputes., Massive disparity in defense budgets, with US spending reaching around $1 trillion for 2026 while Canada plans $37 billion for 2026-27., Significant differences in active manpower, air power, naval fleets, and nuclear capabilities.