‘താങ്കൾക്ക് എത്ര ഭാര്യമാരുണ്ട്?’ സിറിയൻ പ്രസിഡന്‍റിനോട് ട്രംപ്; ചിരിയുണർത്തി കൂടിക്കാഴ്ച | വീഡിയോ

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയും | photo:X/thefloutist
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയും | photo:X/thefloutist

വാഷിങ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിലുണ്ടായ കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അൽ-ഷറയോട് ‘താങ്കൾക്ക് എത്ര ഭാര്യമാരുണ്ട്’ എന്ന ട്രംപിന്‍റെ ചോദ്യമാണ് വീഡിയോയിലുള്ളത്. അൽ-ഷറയ്ക്ക് പെർഫ്യൂം സമ്മാനിക്കുന്നതിനിടെയായിരുന്നു ട്രംപിന്‍റെ ചോദ്യം.

തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസിൽ അഹമ്മദ് അൽ-ഷറയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നത്. ഊഷ്മളമായ സ്വീകരണമാണ് അൽ-ഷറയ്ക്ക് ലഭിച്ചത്. ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്രംപ് അൽ-ഷറയ്ക്ക് ഒരു കുപ്പി പെർഫ്യൂം സമ്മാനിക്കുകയും അത് അദ്ദേഹത്തിന് മേൽ തളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. "ഇത് ലോകത്തിലെ തന്നെ മികച്ച സുഗന്ധമാണ്. മറ്റേ കുപ്പിയിലുള്ളത് താങ്കളുടെ ഭാര്യയ്ക്കുള്ളതാണ്", ട്രംപ്  പറയുന്നു. തുടർന്നാണ് ‘’താങ്കൾക്ക് എത്ര ഭാര്യമാരുണ്ട്’’ എന്ന് ട്രംപ് ചോദിക്കുന്നത്. ഒരു ഭാര്യയാണുള്ളതെന്ന് അൽ-ഷറ മറുപടിയും നൽകുന്നുണ്ട്.

സന്ദർശന വേളയിൽ, ട്രംപിന് പുരാതന സിറിയൻ പുരാവസ്തുക്കളുടെ പകർപ്പുകൾ ഉൾപ്പെടെയുള്ള പലവിധ സമ്മാനങ്ങൾ അൽ-ഷറയും നൽകി.

സിറിയയിലെ ദീര്‍ഘകാല ഭരണാധികാരിയായിരുന്ന ബഷാര്‍ അല്‍ അസദിനെ, കഴിഞ്ഞ വര്‍ഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് ഷറ അധികാരം സ്വന്തമാക്കിയത്. യുഎസ് ഭീകരവാദികളുടെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ സുപ്രധാനമായ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിന് യുഎസിലെത്തിയത്. 1946-ൽ ഫ്രാൻസിൽനിന്ന് സിറിയ സ്വതന്ത്രമായതിനുശേഷം ഒരു സിറിയൻ നേതാവ് വൈറ്റ് ഹൗസിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നതും ആദ്യമായാണ്. സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ യുഎസ് 180 ദിവസത്തേക്ക് കൂടി നിർത്തിവച്ച സാഹചര്യത്തിലായിരുന്നു അൽ-ഷറയുടെ സന്ദർശനം.

Content Highlights: Historic White House meeting between US President Trump and Syrian President Ahmed Al-Shar