സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം; സൈനികരെ കൊലപ്പെടുത്തിയതിന് കനത്ത തിരിച്ചടി

വാഷിങ്ടൺ: രണ്ട് സൈനികരടക്കം മൂന്ന് യുഎസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) കേന്ദ്രങ്ങളിൽ അമേരിക്കയുടെ തിരിച്ചടി. 'ഓപ്പറേഷൻ ഹോക്കേയ് സ്‌ട്രൈക്ക്' എന്ന പേരിലാണ് സിറിയയിലെ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം ആരംഭിച്ചത്. പെന്റഗൺ മേധoവി പെറ്റേ ഹെഗ്‌സേത് ഇക്കാര്യം സ്ഥിരീകരിക്കുകയുംചെയ്തു.
ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ് സൈന്യം സിറിയയിൽ ഓപ്പറേഷൻ ഹോക്കേയ് സ്‌ട്രൈക്ക് ആരംഭിച്ചതായി പെന്റഗൺ മേധാവി സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. ഡിസംബർ 13-ന് യുഎസ് സേനക്കെതിരേ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്കാരെ നിങ്ങൾ ലക്ഷ്യംവെച്ചാൽ എവിടെയാണെങ്കിലും നിങ്ങളെ വേട്ടയാടുമെന്നും ക്രൂരമായി കൊല്ലുമെന്നും പെന്റഗൺ മേധാവി മുന്നറിയിപ്പ് നൽകി.
മധ്യസിറിയയിലെ 70-ഓളം ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്ക വൻ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. കൂടുതൽ ആക്രമണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ചെയ്തു.
അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-15 ഈഗിൾ, എ-10 തണ്ടർബോൾട്ട് തുടങ്ങിയവയും എഎച്ച്-65 അപാച്ചെ ഹെലികോപ്റ്ററുകളും അടക്കം ഉപയോഗിച്ചാണ് യുഎസ് സൈന്യം ഐഎസ് കേന്ദ്രങ്ങളിൽ തിരിച്ചടി നടത്തിയതെന്നാണ് വിവരം. ജോർദാനിൽനിന്നുള്ള അമേരിക്കയുടെ എഫ്-16 യുദ്ധവിമാനങ്ങളും ഹിമാർസ് മിസൈലുകളും യുഎസ് സേന ഉപയോഗിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
ദിവസങ്ങൾക്ക് മുൻപാണ് ഐഎസ് ഭീകരൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികരടക്കം മൂന്ന് യുഎസുകാർ കൊല്ലപ്പെട്ടത്. സിറിയയിലെ പാൽമൈറയിലായിരുന്നു സംഭവം. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയുംചെയ്തു. അക്രമിയെ യുഎസ് സൈന്യം വധിച്ചിരുന്നു. ഇതിനുപിന്നാലെ ഐഎസിന് കനത്ത തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
Content Highlights: US launches `Operation Hawkeye Strike` targeting ISIS in Syria following a deadly attack. Retaliation for killing US citizens, with more operations expected. Click to learn more.