പത്തുദിവസം പിന്നിട്ട് യുഎസ് ഷട്ട്ഡൗണ്‍; സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം

ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടണ്‍: അമേരിക്കയില്‍ ധനപ്രതിസന്ധിയെ തുടര്‍ന്നുള്ള ഷട്ട്ഡൗണ്‍ പത്താംദിവസത്തിലെത്തിയതിന് പിന്നാലെ ഫെഡറല്‍ ജീവനക്കാരെ ഔദ്യോഗികമായി പിരിച്ചുവിടാന്‍ ആരംഭിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ആര്‍ഐഎഫ് (റിഡക്ഷന്‍ ഇന്‍ ഫോഴ്‌സ്) ആരംഭിച്ചതായി ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ റസല്‍ വോട്ട്, സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. ഫെഡറല്‍ ജീവനക്കാരുടെ സ്ഥിരം പിരിച്ചുവിടലിലേക്ക് സര്‍ക്കാര്‍ കടന്നുവെന്ന് ഇതോടെ വ്യക്തമായി.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ പിരിച്ചുവിടല്‍ ബാധിക്കും. ഷട്ട്ഡൗണ്‍ കാലത്ത് അത്യാവശ്യമല്ലെന്ന് കരുതുന്ന ജീവനക്കാര്‍ക്ക് ആര്‍ഐഎഫ് നോട്ടീസ് പോയിട്ടുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വക്താവ് പറഞ്ഞു. വിദ്യാഭ്യാസവകുപ്പിലെ കുറച്ച് ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിക്കുമെന്ന് വകുപ്പ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, എത്രപേരെ ഇത് ബാധിക്കുമെന്ന് വ്യക്തമല്ല. മുന്‍പുണ്ടായ ബജറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി മാര്‍ച്ച് മാസത്തില്‍ ഏകദേശം പകുതിയോളം ജീവനക്കാരെ വകുപ്പ് കുറച്ചിരുന്നു.

താല്‍ക്കാലിക വിടുതല്‍, ശമ്പളമില്ലാത്ത അവധി തുടങ്ങിയവ ഷട്ട്ഡൗണ്‍ കാലത്ത് സാധാരണയായി കൈക്കൊള്ളുന്ന നടപടികളാണെങ്കിലും സ്ഥിരമായ പിരിച്ചുവിടല്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. മുന്‍പ് പല ഭരണകൂടങ്ങളും ഷട്ട്ഡൗണ്‍ വേളകളിലെ പിരിച്ചുവിടലുകള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ തിരിച്ചടികളുണ്ടാക്കുമെന്ന തിരിച്ചറിവില്‍ അതിൽനിന്ന് വിട്ടുനിന്നിട്ടുമുണ്ട്.

Content Highlights: us shutdown mass layoff begun