യുദ്ധം തുടരാൻ ട്രംപിന് യു.എസ്. സെനറ്റിന്റെ പച്ചക്കൊടി; ‘മാഗ’ സഖ്യത്തിൽ വിള്ളൽ

ലോസ് ഏഞ്ചൽസിലെ ഇസ്രായേൽ കോൺസുലേറ്റ് ജനറലിന് പുറത്ത് ഇസ്രായേലിനും അമേരിക്കയ്ക്കും പിന്തുണ പ്രകടിപ്പിക്കുന്ന ഇറാനിയൻ സമൂഹത്തിലെ അംഗങ്ങളുടെ ഒത്തുചേരലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും പിന്തുണയ്ക്കുന്ന പോസ്റ്റർ പ്രദർശിപ്പിച്ചപ്പോൾ   Photo by Patrick T. Fallon / AFP)
ലോസ് ഏഞ്ചൽസിലെ ഇസ്രായേൽ കോൺസുലേറ്റ് ജനറലിന് പുറത്ത് ഇസ്രായേലിനും അമേരിക്കയ്ക്കും പിന്തുണ പ്രകടിപ്പിക്കുന്ന ഇറാനിയൻ സമൂഹത്തിലെ അംഗങ്ങളുടെ ഒത്തുചേരലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും പിന്തുണയ്ക്കുന്ന പോസ്റ്റർ പ്രദർശിപ്പിച്ചപ്പോൾ Photo by Patrick T. Fallon / AFP)

വാഷിങ്ടൺ: ഇറാനുനേരെയുള്ള യുദ്ധം തുടരാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യു.എസ്. സെനറ്റിന്റെ പച്ചക്കൊടി. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് 100 അംഗ സെനറ്റിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് 53 പേർ വോട്ടുചെയ്തതോടെ സമാധാനശ്രമം പാളി. റിപ്പബ്ലിക്കന്മാർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ 47 അംഗങ്ങളാണ് ബില്ലിനെ പിന്തുണച്ചത്.പ്രസിഡന്റിന്റെ യുദ്ധാധികാരം പരിമിതപ്പെടുത്തുക ലക്ഷ്യമിട്ട് ഡെമക്രാറ്റ് അംഗമായ ടിം കെയ്നാണ് ‘വാർ പവേഴ്‌സ് പ്രമേയം’ അവതരിപ്പിച്ചത്. ഇറാനെതിരേ തുടർ സൈനികനടപടി സ്വീകരിക്കുന്നതിന് യു.എസ്. കോൺഗ്രസിന്റെ അനുമതിവേണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ബില്ലിനെ അനുകൂലിച്ച് കെന്റക്കിയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററായ റാൻഡ് പോളും, എതിർത്ത് പെൻസിൽവേനിയയിൽനിന്നുള്ള ഡെമക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാനും വോട്ടുചെയ്തത് കൗതുകമായി.

യുദ്ധം ചുരുങ്ങിയത് എട്ടാഴ്ചയെങ്കിലും നീണ്ടേക്കുമെന്ന് കഴിഞ്ഞദിവസം ഹെഗ്‌സെത്ത് പറഞ്ഞിരുന്നു. അതേസമയം, യുദ്ധം തുടങ്ങിയെങ്കിലും അതിൽനിന്ന് എങ്ങനെ പുറത്തുകടക്കണമെന്നതുസംബന്ധിച്ച തന്ത്രം ട്രംപിനും കൂട്ടർക്കുമില്ലെന്നാണ് ആരോപണം. യു.എസിന് സൈനികരെ നഷ്ടപ്പെട്ടേക്കുമെന്നതിനാൽ രാജ്യത്ത് വലിയവിഭാഗം യുദ്ധത്തെ എതിർക്കുന്നുണ്ട്.

അതിനിടെ, യുദ്ധസാഹചര്യം നിരീക്ഷിക്കുകയാണെന്ന് നാറ്റോ പറഞ്ഞു. കഴിഞ്ഞദിവസം തുർക്കിയുടെ വ്യോമാതിർത്തിഭേദിച്ച ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ നാറ്റോ സഖ്യസേന തകർത്തിരുന്നു. നാറ്റോ അംഗരാജ്യമാണ് തുർക്കി. ഇതോടെ, സംഘർഷത്തിൽ നാറ്റോ നേരിട്ട് കക്ഷിചേരുമോയെന്ന ആശങ്ക വർധിച്ചിരുന്നു.

ട്രംപിന്റെ മാഗാസഖ്യത്തിൽ വിള്ളൽ

അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്ന ലക്ഷ്യത്തോടെ ട്രംപ് തുടക്കമിട്ട ‘മാഗ’ (മെയ്ക്ക്‌ അമേരിക്ക ഗ്രേറ്റ് എഗെൻ) പ്രസ്ഥാനത്തിലും ഇറാൻയുദ്ധവുമായി ബന്ധപ്പെട്ട്‌ ഭിന്നതയുടലെടുത്തെന്നാണ് റിപ്പോർട്ടുകൾ. മാഗ പ്രസ്ഥാനത്തിന്റെ സാമൂഹികമാധ്യമ പ്രചാരകരായ ടക്കർ കാൾസൺ, മെഗിൻ കെല്ലി, മാറ്റ് വാൾഷ് എന്നിവർ ഇറാൻ യുദ്ധത്തിൽ കടുത്തവിയോജിപ്പ് രേഖപ്പെടുത്തി. ഇസ്രയേലിന്റെ സ്വാധീനവലയത്തിൽപ്പെട്ട് യുദ്ധത്തിനിറങ്ങാൻ ട്രംപ് തീരുമാനിച്ചത് തീർത്തും വെറുപ്പുളവാക്കുന്നതാണെന്ന് ഫോക്സ് ന്യൂസ് മുൻ അവതാരകനായ കാൾസൺ പറഞ്ഞു. ഇവിടെ യു.എസല്ല ബെഞ്ചമിൻ നെതന്യാഹുവാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വിദേശരാജ്യത്തിനുവേണ്ടി അമേരിക്കക്കാർക്ക് മരിക്കേണ്ടകാര്യമില്ലെന്നും അവർ ഇറാനോ ഇസ്രയേലിനോ വേണ്ടിയാണ് മരിക്കുന്നതെന്നും കെല്ലിയും പറഞ്ഞു.

Content Highlights: The US Senate voted against a resolution aimed at limiting President Trump's war powers concerning Iran., The bill, introduced by Democrats, failed with a 53-47 vote in the Republican-majority Senate., The decision raises concerns about a prolonged conflict, with divisions emerging even within Trump's 'MAGA' movement., NATO's involvement is highlighted after downing an Iranian missile over Turkey's airspace.