സൗദി അറേബ്യയ്ക്ക് 48 എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ യു.എസ് അനുമതി; 2.33 ലക്ഷം കോടി രൂപയുടെ പദ്ധതി

വാഷിങ്ടൺ: സൗദി അറേബ്യയ്ക്ക് യുദ്ധവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിനുള്ള സാധ്യതാ കരാറിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി. ഏകദേശം 2430 കോടി യു.എസ് ഡോളർ (ഏകദേശം 2.33 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ ഫോറിൻ മിലിറ്ററി സെയിൽ പാക്കേജിൽ രണ്ട് 48 എഫ്-35 വിമാനങ്ങളും 49 പ്രാറ്റ് ആൻഡ് വിറ്റ്‌നി എഫ് 135-പി.ഡബ്ല്യു-100 എൻജിനുകളും ഉൾപ്പെടുന്നു. ഇതിൽ 48 എൻജിനുകൾ വിമാനങ്ങളിൽ ഘടിപ്പിച്ചവയും ഒരെണ്ണം അധികമായി നൽകുന്നതുമാണ്.
സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ, കൃത്യതയുള്ള നാവിഗേഷൻ ഉപകരണങ്ങൾ, ക്രിപ്റ്റോഗ്രാഫിക് ഉപകരണങ്ങൾ, ഇലക്ട്രോണിക് വാർഫെയർ ഡാറ്റാബേസ് പിന്തുണ, പരിശീലന സിമുലേറ്ററുകൾ, സോഫ്റ്റ്‌വെയർ, ലോജിസ്റ്റിക്സ് പിന്തുണ എന്നിവയും ഈ പാക്കേജിൽ ഉൾപ്പെടുന്നു. ഈ വിൽപനയിലൂടെ നോൺ-നാറ്റോ സഖ്യകക്ഷിയായ സൗദി അറേബ്യയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിലൂടെ യു.എസിന്റെ വിദേശനയവും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളും കൈവരിക്കാൻ സഹായിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
സൗദി അറേബ്യയുടെ വ്യോമാക്രമണ-പ്രതിരോധ ശേഷികൾ വർദ്ധിപ്പിക്കുമെങ്കിലും ഈ വിൽപന, മേഖലയിലെ സൈനിക സന്തുലിതാവസ്ഥ മാറ്റില്ലെന്ന് യു.എസ് അറിയിച്ചു. ലോക്ക്ഹീഡ് മാർട്ടിൻ എയറോനോട്ടിക്സ് കമ്പനിയും പ്രാറ്റ് ആൻഡ് വിറ്റ്‌നി മിലിറ്ററി എൻജിൻസുമാണ് ഇതിന്റെ പ്രധാന കരാറുകാർ.
അതേസമയം, ഈ വിൽപന നടപ്പിലാക്കുന്നതിനായി കൂടുതൽ യു.എസ് ഗവൺമെന്റ് പ്രതിനിധികളെയോ കരാറുകാരുടെ പ്രതിനിധികളെയോ സൗദി അറേബ്യയിലേക്ക് നിയോഗിക്കേണ്ടതില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.