ചബഹാര്‍ തുറമുഖം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ യുഎസ്; ഇന്ത്യക്ക് പ്രഹരം

വാഷിങ്ടണ്‍: ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയിരുന്ന ഉപരോധ ഇളവുകള്‍ പിന്‍വലിക്കാന്‍ യുഎസ്. ചബഹാര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരേ ഈ മാസം 29 മുതല്‍ ഉപരോധം നിലവില്‍ വരുമെന്ന് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് പറഞ്ഞു. ഇറാന്റെ എണ്ണക്കയറ്റുമതിക്കുമേല്‍ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി
അവര്‍ക്കുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്താനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. പാകിസ്താനെ മറികടന്ന് ഇന്ത്യയെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാറിന് ഉപരോധംവന്നാല്‍ തുറമുഖത്തിന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്കുവഹിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയാകും. ഇറാനുമായി വ്യാപാര ഇടപാടുകളിലേര്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനായി ഇന്ത്യക്ക് ഇളവനുവദിക്കുകയായിരുന്നു. 2018-ലെ ഇറാന്‍ ഫ്രീഡം ആന്‍ഡ് കൗണ്ടര്‍ പ്രോലിഫെറേഷന്‍ ആക്ട്(ഐഎഫ്സിഎ) പ്രകാരമാണ് ഉപരോധമേര്‍പ്പെടുത്തുന്നത്.
ഇറാന്റെ തെക്കന്‍തീരത്തെ എണ്ണസമ്പുഷ്ടമായ സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ചബഹാര്‍ ആഴക്കടല്‍ തുറമുഖം. വ്യാപാരബന്ധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്നതാണിത്.
Content Highlights: US Reinstates Sanctions on Chabahar Port