വിദേശ ട്രക്ക് ഡ്രൈവർമാർക്ക് വിസ നൽകുന്നത് നിർത്തി US; വിനയായത് ഇന്ത്യൻ ട്രക്ക് ഡ്രൈവറുടെ അപകടം

ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവർ ഉണ്ടാക്കിയ അപകടത്തിന്റെ ദൃശ്യം | Image Credit: @CollinRugg x post | മാര്‍ക്കോ റൂബിയോ | Photo: AFP
ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവർ ഉണ്ടാക്കിയ അപകടത്തിന്റെ ദൃശ്യം | Image Credit: @CollinRugg x post | മാര്‍ക്കോ റൂബിയോ | Photo: AFP

വാഷിങ്ടൺ: വിദേശ ട്രക്ക് ഡ്രൈവർമാർക്കുള്ള വിസ വിതരണം അമേരിക്ക അടിയന്തരമായി നിർത്തിവെച്ചു. ഫ്‌ളോറിഡയിൽ മൂന്നു പേരുടെ മരണത്തിനിടയാക്കി ഇന്ത്യൻ വംശജനായ ഡ്രൈവർ വരുത്തിവച്ച അപകടത്തിൽ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്നാണ് വിസ നിർത്തിവെച്ചത്. എക്സിലൂടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ ഈ വിവരം പങ്കുവെച്ചത്.

ഹൈവേയിൽ ഗതാഗത നിയമലംഘനം നടത്തി യു-ടേൺ എടുക്കുന്നതിനിടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് ഡ്രൈവർക്കെതിരെ യുഎസ് പോലീസ് കേസെടുത്തിരുന്നു. ഇയാൾ അനധികൃതമായാണ് യുഎസിൽ തങ്ങുന്നതെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റൂബിയോയുടെ പുതിയ അറിയിപ്പ്.

'വാണിജ്യ ട്രക്ക് ഡ്രൈവർമാർക്കുള്ള എല്ലാ വിസകളും നൽകുന്നത് യുഎസ് അടിയന്തരമായി നിർത്തിവയ്ക്കുകയാണ്. ഇവിടുത്തെ റോഡുകളിൽ വലിയ ട്രാക്ടർ-ട്രെയിലർ ട്രക്കുകൾ ഓടിക്കുന്ന വിദേശ ഡ്രൈവർമാരുടെ വർധിച്ചുവരുന്ന എണ്ണം അമേരിക്കൻ പൗരന്മാരുടെ ജീവന് ഭീഷണിയാവുകയും അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും ചെയ്യുന്നു.' റൂബിയോ എക്‌സിൽ കുറിച്ചു.

അപകടമുണ്ടാക്കിയ ട്രക്ക് ഓടിച്ചിരുന്ന ഹർജീന്ദർ സിങ്, മെക്സിക്കോയിൽ നിന്ന് നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടന്നയാളാണ്. അമേരിക്കയിലെ ട്രക്ക് ഡ്രൈവർമാർക്ക് വാണിജ്യ ലൈസൻസ് ലഭിക്കുന്നതിന് പരീക്ഷ പാസാകേണ്ടതുണ്ട്. റോഡ് അടയാളങ്ങൾ പോലുള്ള അടിസ്ഥാന കാര്യങ്ങളിൽ അവർക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമുണ്ടോയെന്ന് വിലയിരുത്തുന്ന ഘട്ടം പരീക്ഷയുടെ ഭാഗമാണ്. അപകടത്തിന് ശേഷം നടന്ന ഇംഗ്ലീഷ് പരീക്ഷയിൽ ഹർജീന്ദർ പരാജയപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഹർജീന്ദറിന് വാണിജ്യ ഡ്രൈവിങ് ലൈസൻസ് ലഭിച്ചിരുന്നു. ഇദ്ദേഹം താമസിക്കുന്നത് കാലിഫോർണിയയിലാണ്. ഡമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന സംസ്ഥാനം ആയതിനാൽ ട്രംപിന്റെ അനുയായികൾ ഇക്കാര്യത്തിൽ വലിയ തോതിൽ എതിർപ്പ് ഉയർത്തി. 

ഹർജീന്ദറിന് ലൈസൻസ് നൽകിയത് സംസ്ഥാനമായതിനാൽ, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനാണ് ഉത്തരവാദിത്തമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. എന്നാൽ, ഹർജീന്ദറിന് വർക്ക് പെർമിറ്റ് നൽകിയത് ട്രംപിന്റെ കീഴിലുള്ള ഫെഡറൽ ഗവൺമെന്റാണെന്നും അദ്ദേഹത്തെ കൈമാറുന്നതിൽ കാലിഫോർണിയ സഹകരിച്ചുവെന്നും ന്യൂസോമിന്റെ ഓഫീസ് പ്രതികരിച്ചു. 

ഈ അപകടത്തിന് മുമ്പുതന്നെ, വർധിച്ചുവരുന്ന അപകടങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ വിദേശ ട്രക്ക് ഡ്രൈവർമാരെ ലക്ഷ്യമിട്ടിരുന്നു. ട്രക്ക് ഡ്രൈവർമാർ ഇംഗ്ലീഷ് സംസാരിക്കണമെന്ന് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു.

അമേരിക്കയിൽ വിദേശികളായ ട്രക്ക് ഡ്രൈവർമാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വ്യവസായത്തിന്റെ 18% കൈകാര്യം ചെയ്യുന്നത് വിദേശത്തു ജനിച്ച ഡ്രൈവർമാരാണ്. വിദേശത്തു ജനിച്ച ഡ്രൈവർമാരിൽ പകുതിയിലധികവും ലാറ്റിൻ അമേരിക്കയിൽ നിന്നുള്ളവരാണ്. സമീപ വർഷങ്ങളിൽ ഇന്ത്യ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഈ രംഗത്തേക്ക് വരുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.

Content Highlights: marco rubio said us pauses visa for foreign truck drivers after indian man deadly crash