ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

-
-

വാഷിങ്ടൺ: വീഡിയോ ഷെയറിങ് ആപ്പായ ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

ചൈനീസ് കമ്പനിയായ ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യ ചെയ്യുന്ന രീതിയിൽ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ യുഎസ് അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യത സംരക്ഷണം, രാജ്യ സുരക്ഷ എന്നിവ മുൻനിർത്തി ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾക്കെതിരേ കടുത്ത നടപടിയിലേക്ക് അമേരിക്കൻ ഭരണകൂടവും നീങ്ങുന്നത്.

നേരത്തെ ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഈ തീരുമാനം അമേരിക്ക പിന്തുടരണമെന്നും രാജ്യത്തെ പല കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു. കോവിഡ് വ്യാപന വിഷയത്തിലും ചൈനക്കെതിരേ അമേരിക്ക തുടർച്ചയായ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ചൈനീസ് ആപ്പുകൾക്കെതിരേ നടപടിയിലേക്ക് നീങ്ങുമെന്ന സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമർശം.

content highlighs:US looking at banning Chinese social media apps, including TikTok: Mike Pompeo

Content Highlights: