അദാനിയുടെ പേരിൽ കേസെടുക്കാനേ പാടില്ലായിരുന്നു- യു.എസ്. നീതിന്യായവകുപ്പ്

ഗൗതം അദാനി | Photo : ANI
ഗൗതം അദാനി | Photo : ANI

ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർപേഴ്‌സൺ ഗൗതം അദാനിയുടെയും ഏഴാളുടെയും പേരിലുണ്ടായിരുന്ന ക്രിമിനൽ കേസ് വേണ്ടെന്നുവെച്ച തീരുമാനത്തെ ന്യായീകരിച്ച് യു.എസ്. നീതിന്യായവകുപ്പ്. കേസ് നടപടികളിൽ നിയമപരമായ പിഴവുണ്ടായിരുന്നു, നയതന്ത്രപരമായി ദോഷം ചെയ്യുന്നതും സ്ഥിരതയില്ലാത്തതുമായിരുന്നു എന്നുപറഞ്ഞാണ് ന്യായീകരണം.

ഒരിക്കലും കേസെടുക്കാതിരിക്കുകയോ ഒരുവർഷം മുൻപേ ഉപേക്ഷിക്കുകയോ ചെയ്യാമായിരുന്നെന്നും യു.എസ്. വിചാരണക്കോടതിയിൽ പ്രിൻസിപ്പൽ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ആർ. ട്രെന്റ് മക്കോട്ടർ പറഞ്ഞു. എന്തുകൊണ്ടാണ് കേസ് എന്നന്നേക്കുമായി ഉപേക്ഷിച്ചത് എന്ന് ജഡ്ജി നിക്കൊളാസ് ഗരൗഫിസിന്റെ ചോദ്യത്തിനാണ് നീതിന്യായവകുപ്പിനുവേണ്ടി മക്കോട്ടർ 10 പേജുള്ള മറുപടി നൽകിയത്.

ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കരാറുകൾ നേടിയെന്നും ഈ വിവരം മറച്ചുവെച്ച് യു.എസ്. നിക്ഷേപകരിൽനിന്ന് ഫണ്ടു സമാഹരിച്ചു എന്നും പറഞ്ഞ് 2024-ൽ ബൈഡൻ സർക്കാരിന്റെ കാലത്താണ് അദാനിയുടെയും കൂട്ടരുടെയും പേരിൽ കുറ്റം ചുമത്തിയത്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് യു.എസ്. നിക്ഷേപകരിൽനിന്ന് ഏകദേശം 17.5 കോടി ഡോളർ സമാഹരിച്ചിരുന്നു.

എന്നാൽ, ഇക്കൊല്ലം മേയിൽ വൻ തുക പിഴയൊടുക്കി കേസ് ഒത്തുതീർപ്പാക്കി. പിന്നീട് അദാനിയുടെ പേരിലുള്ള കേസുകൾ യു.എസ്. റദ്ദാക്കി. അദാനി ഗ്രൂപ്പ് യു.എസിൽ നിക്ഷേപമിറക്കുന്നതിനു പകരമായാണ് ഈ നടപടിയെന്ന മാധ്യമറിപ്പോർട്ടുകൾ വ്യാജമാണെന്നും മക്കോട്ടർ പറഞ്ഞു.

Content Highlights: US Department of Justice explains why the criminal case against Gautam Adani was dropped.