തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരേ ആക്രമണം പുനഃരാരംഭിക്കണമെന്ന് ട്രംപിനോട് നെതന്യാഹു; മുന്നറിയിപ്പുനൽകി ഇറാൻ

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ െനതന്യാഹു | Photo: AFP
ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ െനതന്യാഹു | Photo: AFP

ടെൽ അവീവ്: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് തൊട്ടുപിന്നാലെ, ഇറാനെതിരേ ആക്രമണം പുനഃരാരംഭിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ചെലുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച നെതന്യാഹുവും ട്രംപും തമ്മിൽ ഫോണിൽ ആശയവിനിമയം നടത്തിയിരുന്നു.

ഇറാനുമായി അമേരിക്ക നടത്തുന്ന ചർച്ചകളും ആക്രമണം പുനഃരാരംഭിക്കുന്നതും ട്രംപ്-നെതന്യാഹു സംഭാഷണത്തിൽ വിഷയമായെന്ന് രാജ്യാന്തരമാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. നവംബർ മൂന്നാംതീയതിയാണ് അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ്.

അതേസമയം, ഇറാനുമായുള്ള ചർച്ചകൾക്ക് സമയംനൽകാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും എന്നാൽ, സൈനിക നടപടികളിലേക്ക് കടക്കാനാണ് നെതന്യാഹുവിന് താൽപര്യമെന്നുമാണ് യുഎസ്-ഇസ്രയേൽ ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന.

നെതന്യാഹുവുമായി സംസാരിച്ചെന്ന് ഞായറാഴ്ച സ്ഥിരീകരിച്ച ട്രംപ് പക്ഷേ, ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ തയ്യാറായില്ല. നല്ലരീതിയിലുള്ള സംഭാഷണമാണുണ്ടായതെന്ന് ട്രംപ് പറയുകയും ചെയ്തു. എന്നാൽ, നെതന്യാഹു-ട്രംപ് ഫോൺ സംഭാഷണത്തെ കടുപ്പമേറിയത് എന്നാണ് ഇസ്രയേൽ വൃത്തങ്ങൾ വിശേഷിപ്പിച്ചത്.

അതേസമയം, അമേരിക്കയുമായി ഇനി ഏറ്റുമുട്ടലുണ്ടാകുന്നപക്ഷം അത് കഴിഞ്ഞ തവണത്തെ സംഘർഷത്തേക്കാൾ കൂടുതൽ കാലം നീണ്ടുനിൽക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ‘ഇനിയൊരു യുദ്ധമുണ്ടായാൽ അത് മുൻപുണ്ടായ സംഘർഷത്തേക്കാൾ കൂടുതൽ കാലം നീണ്ടുനിന്നേക്കാം. യുദ്ധം എപ്പോൾ അവസാനിക്കണമെന്നും ഏതെല്ലാം വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അവസാനിക്കണമെന്നും തീരുമാനിക്കാൻ അപ്പോൾ അമേരിക്കൻ പ്രസിഡന്റിന് കഴിയണമെന്നില്ല’, ഇറാൻ സൈനിക വക്താവ് മൊഹമ്മദ് അക്രാമിനിയ പറഞ്ഞു.

Content Highlights: Netanyahu pressures Trump to resume military actions against Iran after US midterm elections., Trump and Netanyahu discussed Iran talks and potential military action over a phone call., Iran warns that any future conflict with the US will be prolonged and difficult to control.