ഇറാനെതിരേയുള്ള യുദ്ധത്തിൽ യുഎസ് ഉടൻ വിജയിക്കുമെന്ന് ട്രംപ്, സർവനാശത്തിന്റെ പോരാട്ടത്തിനും തയ്യാറെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് നേർക്ക് ഇനിയും ആക്രമണങ്ങൾ നടത്തിയേക്കുമെന്നും യുദ്ധത്തിൽ അമേരിക്ക ഉടൻ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻയുദ്ധം അവസാനിക്കുന്നതോടെ ആഗോള എണ്ണവിലയിൽ കുത്തനേ ഇടിവുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
നാം ഈ യുദ്ധം വളരെ വേഗത്തിൽ ജയിക്കാൻ പോകുകയാണെന്നാണ് ഞാൻ കരുതുന്നത്. നാം വിജയിക്കുന്നതോടെ എണ്ണവില കുറയും. അത് യുദ്ധത്തിന് മുൻപുണ്ടായിരുന്ന നിലയിലേക്ക് എത്തും, ട്രംപ് ഫോക്‌സ് ന്യൂസിനോടു പ്രതികരിച്ചു.
അതേസമയം, നവംബറിൽ യുഎസിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെതിരേ ആക്രമണം പുനഃരാരംഭിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ട്രംപ് തയ്യാറായില്ല. ഞാൻ അത് പറയാൻ ആഗ്രഹിക്കുന്നില്ല. അതിന് സാധ്യതയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് ഇറാനെ തടയുകയെന്നതാണ് യുഎസ് നയത്തിന്റെ പ്രധാനലക്ഷ്യമെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തു.
അതേസമയം, ഇറാൻ യുദ്ധത്തിന് തയ്യാറാണെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും നയതന്ത്രപരമായ പരിഹാരത്തിന് മുൻഗണന നൽകുന്നതായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി പറഞ്ഞു. ഞങ്ങൾക്കെതിരായ ഏത് ആക്രമണത്തോടും അതിനി സർവനാശത്തിന്റെ യുദ്ധമായാലും പോരാടാനുറച്ചാണ് നിൽക്കുന്നത്. എന്നിരുന്നാലും നയതതന്ത്രചർച്ചകൾക്ക് ഞങ്ങൾ തയ്യാറാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
Content Highlights: Donald Trump predicts a swift US victory in the conflict against Iran., Global oil prices are expected to plummet to pre-war levels after the conflict ends., Preventing Iran from acquiring nuclear weapons remains the core US policy., Uncertainty remains regarding potential military actions before upcoming US mid-term elections.