കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ്. സൈന്യത്തിന് പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കത്തിനൊരുങ്ങുന്നുവെന്ന് സൂചന

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പരിശീലനവുമായി യു.എസ്. സൈന്യം. 1950-53-ലെ കൊറിയൻ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ താത്കാലിക കൂട്ടക്കുഴിമാടങ്ങൾ ഒരുക്കുന്നതിനുള്ള പരിശീലനം നടത്തുന്നത്.
ഭാവിയിൽ വലിയതോതിൽ സൈനികർ കൊല്ലപ്പെടാനിടയുള്ള യുദ്ധസാഹചര്യം മുന്നിൽക്കണ്ടാണ് നീക്കമെന്ന് ‘ന്യൂസ് വീക്ക്’ റിപ്പോർട്ടുചെയ്തു. നവംബർ മൂന്നിന്റെ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരേ പുതിയ സൈനികനടപടിക്കിറങ്ങുമെന്ന് യു.എസ്. സൂചിപ്പിച്ച സാഹചര്യത്തിലാണിത്.
നോർത്ത് കരോലൈനയിലെ ഫോർട്ട് ബ്രാഗിലാണ് ‘ഓപ്പറേഷൻ ഡ്രാഗൺ കവനന്റ് ഫെയ്സ് 2’ എന്ന പേരിൽ പരിശീലനം ആരംഭിച്ചത്. ബുൾഡോസറുകളും എക്സ്കവേറ്ററുകളും ഉപയോഗിച്ച് താത്കാലിക കുഴിമാടങ്ങൾ ഒരുക്കുന്നതും മൃതദേഹങ്ങൾ കൈകാര്യംചെയ്യുന്നതുമായിരുന്നു പരിശീലനത്തിന്റെ പ്രധാന ഭാഗം. സാധാരണ സൈനികസംവിധാനമനുസരിച്ച് അഞ്ച് നീളൻ കുഴികളുള്ള ഒരു കുഴിമാടത്തിൽ 100 മൃതദേഹങ്ങൾവരെ സംസ്കരിക്കാം. എട്ട് ബുൾഡോസറുകളും നാല് സൈനിക എക്സ്കവേറ്ററുകളും ഉപയോഗിച്ചാൽ 24 മണിക്കൂറിനുള്ളിൽ 2400 സൈനികരുടെ മൃതദേഹങ്ങൾവരെ താത്കാലികമായി സംസ്കരിക്കാനാകുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഓരോ കുഴിയും ഒരുക്കാൻ ശരാശരി ഒരു മണിക്കൂർ 15 മിനിറ്റാണ് പരിശീലനത്തിനിടെ വേണ്ടിവന്നത്.
കൊറിയൻ യുദ്ധത്തിൽ 36,515 യു.എസ്. സൈനികർ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിരുന്നു. ഇറാഖ്, അഫ്ഗാനിസ്താൻ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ വേഗത്തിൽ യു.എസിലെത്തിച്ചിരുന്നതിനാൽ ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യം വന്നിരുന്നില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനും പിന്നീട് യു.എസിലേക്ക് കൊണ്ടുപോകാനും ആവശ്യമായ രീതിയിൽ സംരക്ഷിക്കുന്നതിനും പരിശീലനം നൽകുന്നുണ്ട്.
ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻയുദ്ധത്തിനിടെ യു.എസിന് കുറഞ്ഞത് 22 സൈനികരെ നഷ്ടമായെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ടുചെയ്തെങ്കിലും ഇത് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തള്ളി.
Content Highlights: US military conducts training for mass burials as tensions with Iran escalate, reminiscent of Korean War preparations, reports Newsweek.