അവിടെയും 'ആയുധം' താരിഫ്; ഇറാനുമായി വ്യാപാരമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ഏതൊരു ബിസിനസിനും 25 ശതമാനം തീരുവ നൽകേണ്ടിവരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇത് ഉടൻ പ്രാബല്യത്തിൽവരുമെന്നും ഈ ഉത്തരവ് അന്തിമവും നിർണായകവുമാണെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ഇറാനെതിരേ ശക്തമായ നടപടി ആലോചിക്കുന്നതായി ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാനുമേൽ സമ്മർദം ചെലുത്താനായി തീരുവ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇറാനുമായി വ്യാപാരപങ്കാളിത്തമുള്ള ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങളെയെല്ലാം ബാധിക്കുന്നതാണ് യുഎസിന്റെ പുതിയ നടപടി.
ഇറാനെതിരേ ട്രംപ് ഭരണകൂടം സൈനിക നടപടി ആലോചിക്കുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് തീരുവ ചുമത്തുമെന്ന പ്രഖ്യാപനമുണ്ടായത്. അതേസമയം, ഇറാനെതിരേ പരിഗണനയിലുള്ള നിരവധി 'ഓപ്ഷനുകളിൽ' ഒന്നുമാത്രമാണ് വ്യോമാക്രമണമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
കറൻസിയുടെ മൂല്യമിടിഞ്ഞതും സാമ്പത്തികമേഖലയിലെ പ്രതിസന്ധിയും കാരണമാണ് ഇറാനിൽ പൊതുജനപ്രക്ഷോഭം ഉടലെടുത്തത്. പിന്നാലെ ഇത് ഭരണകൂടത്തിനെതിരേ തിരിഞ്ഞു. പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിക്കെതിരേ പ്രക്ഷോഭം ശക്തമായതോടെ പ്രതിഷേധക്കാരെ ഭരണകൂടം അടിച്ചമർത്താനും തുടങ്ങി.
ആഴ്ചകളായി തുടരുന്ന പ്രക്ഷോഭത്തിൽ ഇറാനിൽ ഇതുവരെ 600-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനിടെയാണ് പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് തുടർന്നാൽ ഇറാനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, ട്രംപ് സ്വന്തം രാജ്യത്തെ കാര്യം നോക്കിയാൽ മതിയെന്നായിരുന്നു ഇറാന്റെ പ്രതികരണം.
Content Highlights: US President Trump imposes a 25% tariff on countries trading with Iran, impacting global businesses. Learn more about the implications.