സമാധാന ഉടമ്പടിയിൽ ഒപ്പിടുംവരെ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരും- യുഎസ് സൈന്യം

#ന്യൂസ് ഡെസ്ക്
ഹോര്‍മുസ് കടലിടുക്കില്‍നിന്നുള്ള കാഴ്ച |ഫോട്ടോ:AP
ഹോര്‍മുസ് കടലിടുക്കില്‍നിന്നുള്ള കാഴ്ച |ഫോട്ടോ:AP

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടി ഔദ്യോഗികമായി ഒപ്പിടുന്നതുവരെ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ഇറാനുമായുള്ള കരാർ പൂർത്തിയായതായി ഞായറാഴ്ച ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, ഔദ്യോഗിക ചടങ്ങ് കഴിയുന്നതുവരെ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും അനുമതിയില്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഇറാനുമായുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഹോർമുസ് കടലിടുക്കിൽനിന്ന് എണ്ണ നിറച്ച കപ്പലുകൾ നീങ്ങിത്തുടങ്ങിയതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. കപ്പലുകൾ സതേൺ ഹൈവേ വഴിയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി.

ജൂൺ 19-ന് സ്വിറ്റ്‌സർലൻഡിൽ വെച്ചാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെക്കുക. പാകിസ്താനും ഖത്തറും മധ്യസ്ഥത വഹിച്ചാണ് മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന കരാർ സാധ്യമാക്കിയത്. ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലും സൈനിക പ്രവർത്തനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു.

ഈ വെടിനിർത്തൽ പശ്ചിമേഷ്യയിൽ ഒരു പുതിയ യുഗത്തിന് തുടക്കംകുറിക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് പ്രത്യാശ പ്രകടിപ്പിച്ചു. കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെ വെള്ളിയാഴ്ച മുതൽ ടോൾ രഹിത കപ്പൽ ഗതാഗതം ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വാണിജ്യ നേട്ടമാണ് ഉണ്ടാക്കുക. കടലിടുക്ക് അടഞ്ഞുകിടന്ന സമയത്ത് ഒമാനിലെ ദുകം, സോഹർ, സലാല തുടങ്ങിയ തുറമുഖങ്ങൾ വഴിയാണ് ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള കയറ്റുമതി ക്രമീകരിച്ചിരുന്നത്. പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ മെയ് മാസത്തിൽ 5.30 ബില്യൺ ഡോളറിലെത്തിയിരുന്നു. കപ്പൽ ഗതാഗതം സാധാരണ നിലയിലാകുന്നത് വ്യാപാരത്തിന് വളരെ ഗുണകരമാകുമെന്ന് ഇന്ത്യൻ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് യുദ്ധം ആരംഭിച്ചത്. ഇതിന് മറുപടിയായി ലോകത്തിലെ എണ്ണ-വാതക വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ നൂറിലധികം ദിവസം നീണ്ടുനിന്ന ആഗോള ഊർജ്ജ പ്രതിസന്ധിയാണ് ഉണ്ടായത്.

Content Highlights: US naval blockade on Iranian ports remains effective until the June 19 peace deal signing.