റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന് യുഎസ്; അസാധ്യമെന്ന് ഇറാൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ - എ.പി.
പ്രതീകാത്മക ചിത്രം | ഫോട്ടോ - എ.പി.

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കംചെയ്തതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യു.എസ്. സൈന്യവും ദൗത്യവിവരം സ്ഥിരീകരിച്ചു. ഫെബ്രുവരി ആക്രമണത്തിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കടൽ അതിർത്തികളിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിരുന്നു. ഇത് ചരക്കുകപ്പലുകളുടെ ഗതാഗതത്തെ പൂർണമായും തടസ്സപ്പെടുത്തി. ഏകദേശം 80-ഓളം മൈനുകൾ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ വിവരം.

രാത്രികാലങ്ങളിലാണ് യു.എസ്. സേന മൈൻ നീക്കൽ ദൗത്യം നടത്തിയത്. നാവികസേനയുടെ ‘കോമൺ അൺക്രൂഡ് സർഫേസ് വെസൽ’ (സി.യു.എസ്.വി.) പോലെയുള്ള റോബോട്ട് ബോട്ടുകളും സോണാർ സംവിധാനങ്ങളും ഉപയോഗിച്ചാണ് കടലിന്റെ അടിത്തട്ടിലുള്ള മൈനുകൾ കണ്ടെത്തിയത്. ഹൈ-റെസല്യൂഷൻ ക്യാമറകളുടെ സഹായത്തോടെ കണ്ടെത്തുന്ന മൈനുകൾക്ക് സമീപം നാവികസേനയുടെ മുങ്ങൽവിദഗ്‌ധർ നേരിട്ടെത്തി സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് തകർക്കുകയായിരുന്നു.

അതിനിടെ, പുതിയ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാൻ ബോട്ടുകളെ ഉടനടി തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, തങ്ങൾ സ്ഥാപിച്ച മൈനുകളുടെ കൃത്യമായ സ്ഥാനം ഇറാനല്ലാതെ മറ്റാർക്കും അറിയില്ലെന്നാണ് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി പ്രതികരിച്ചത്.

‘അടിച്ചും തിരിച്ചടിച്ചും’ ഇറാനും യു.എസും

പശ്ചിമേഷ്യയിൽ വീണ്ടും ‘അടിച്ചും തിരിച്ചടിച്ചും’ ഇറാനും യു.എസും. ഇറാനുമായി ബന്ധമുള്ള രണ്ട് എണ്ണക്കപ്പലുകൾ തങ്ങൾ ‘പൂർണമായും പ്രവർത്തനരഹിതമാക്കി’യെന്നും ഗൾഫ് ഓഫ് ഒമാനിൽ മറ്റൊരു കപ്പൽ തകർത്തെന്നും യു.എസ്. സൈന്യം സ്ഥിരീകരിച്ചു. ഇറാന്റെ തന്ത്രപ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനുസമീപത്താണ് ഒരു കപ്പൽ ആക്രമിച്ചത്. യു.എസിന്റെ ആക്രമണം ഇറാന്റെ ഔദ്യോഗികമാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനുപിന്നാലെ ഇറാനും പ്രത്യാക്രമണം ശക്തമാക്കി രംഗത്തെത്തി. യു.എസുമായി ബന്ധമുള്ള മൂന്ന് കപ്പലുകളും ഹോർമുസ് കടലിടുക്കിലൂടെ അനധികൃത പാതയിൽ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. കപ്പലുകൾക്കുനേരേ ഇറാൻ വെടിയുതിർത്താൽ, തങ്ങൾ അവരുടെ എണ്ണക്കപ്പലുകൾ തകർക്കുകയും മുക്കുകയും ചെയ്യുമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സാമൂഹികമാധ്യമത്തിൽ കുറിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടിയുണ്ടായത്. ശനിയാഴ്ച നടന്ന ആക്രമണങ്ങളെക്കുറിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: US military disabled two oil tankers linked to Iran and destroyed another near Kharg Island., Iran retaliated by attacking US-linked ships and vessels in the Strait of Hormuz., US Navy successfully cleared Iranian mines in the Strait of Hormuz during a covert mission., US President Donald Trump warned that any new Iranian boats attempting to lay mines will be destroyed.