ഇന്ത്യയ്ക്കും ചൈനയ്ക്കും ആത്മാർത്ഥതയില്ല; ഷാങ്ഹായ് ഉച്ചകോടി വെറും പ്രകടനം- സ്കോട്ട് ബെസെന്റ്

സ്കോട്ട് ബെസെന്റ് | Photo: AP
സ്കോട്ട് ബെസെന്റ് | Photo: AP

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയെ നിസ്സാരവത്കരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. 

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ ) ഒരു ദീർഘകാല യോ​ഗമാണ്. ഇത് വെറുമൊരു പ്രകടനം മാത്രമാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അവരുടെ മൂല്യങ്ങൾ റഷ്യയുടേതിനേക്കാൾ യുഎസിനോടും ചൈനയുടേതിനോടും വളരെ അടുത്താണ്. ഇന്ത്യയും ചൈനയും ആത്മാർത്ഥതയില്ലാത്തവരാണെന്നും  ഇരു രാജ്യങ്ങളും റഷ്യൻ യുദ്ധത്തിന് ഇന്ധനം നൽകുകയാണെന്നും ബെസെന്റ് കുറ്റപ്പെടുത്തി.

നികുതി പൂജ്യമായി കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലായിരുന്നു ബെസെന്റിന്റെ പ്രതികരണം. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസിനും ഇന്ത്യക്കും കഴിയുമെന്ന് സ്കോട്ട് ബെസെന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഎസിനും ഇന്ത്യക്കും ശക്തമായ അടിത്തറയുണ്ട്. രണ്ട് ജനാധിപത്യ രാജ്യങ്ങൾക്കും അവരുടെ ഭിന്നതകൾ പരിഹരിക്കാൻ കഴിയും. അദ്ദേഹം പറഞ്ഞു. 

അതേസമയം, റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ്ജ വ്യാപാരത്തെ ബെസെന്റ് വിമർശിച്ചു. കുറഞ്ഞ വിലയിൽ റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതും പിന്നീട് ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ പുനർവിൽപ്പന നടത്തുന്നതും യുക്രൈനെതിരായ റഷ്യൻ യുദ്ധത്തിന് ധനസഹായം നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമാധാന ചർച്ചകൾ നടന്നിട്ടും ആക്രമണങ്ങൾ വർദ്ധിപ്പിച്ചതിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനെയും ബെസെന്റ് വിമർശിച്ചു.

ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനംചെയ്തതായും ട്രംപ് അവകാശപ്പെട്ടു. ''ഇന്ത്യ-യുഎസ് വ്യാപാരം ഞാൻ മനസിലാക്കുന്നതുപോലെ വളരെക്കുറച്ച് ആളുകൾക്കേ മനസിലാകൂ. അവർ നമ്മളുമായി വലിയതോതിൽ ബിസിനസ് ചെയ്യുന്നു. അവരുടെ ഉത്പന്നങ്ങൾ വലിയ തോതിൽ നമ്മൾക്ക് വിൽക്കുന്നു. പക്ഷേ,അവർക്ക് വളരെക്കുറച്ച് മാത്രമേ നമ്മൾ വിൽക്കുന്നുള്ളൂ. ഇതുവരെ അതൊരു ഏകപക്ഷീയമായ ബന്ധമാണ്. മാത്രമല്ല, ഇന്ത്യ അവർക്ക് വേണ്ട എണ്ണയും സൈനിക ഉത്പന്നങ്ങളും ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയിൽനിന്നാണ്. യുഎസിൽനിന്ന് അവർ വളരെക്കുറച്ച് മാത്രമേ വാങ്ങുന്നൂള്ളൂ. ഇപ്പോൾ അവർ തീരുവകളെല്ലാം പൂർണമായും ഒഴിവാക്കാമെന്ന് വാഗ്ദാനംചെയ്തിട്ടുണ്ട്. പക്ഷേ, ഏറെ വൈകിപ്പോയി. വർഷങ്ങൾക്ക് മുൻപേ അവർ ഇങ്ങനെ ചെയ്യണമായിരുന്നു.'' ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 

Content Highlights: US Treasury Secretary criticizes India`s Russian oil imports amid trade talks