ജി-20: ബൈഡന്‍ ഇന്ത്യയിലെത്താനിരിക്കെ ഭാര്യ ജില്‍ ബൈഡന് കോവിഡ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്‌നി ജില്‍ ബൈഡന് കോവിഡ്-19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ അവര്‍ക്കുള്ളൂവെന്നും ഡെലവെയറിലെ വസതിയില്‍ വിശ്രമത്തില്‍ തുടരുമെന്നും ജില്‍ ബൈഡന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എലിസബത്ത് അലക്‌സാണ്ടര്‍ അറിയിച്ചു. അതേ സമയം പ്രസിഡന്റ് ജോ ബൈഡന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
2022 ഓഗസ്റ്റിലും 72 കാരിയായ ജില്‍ ബൈഡന് കോവിഡ് പിടിപെട്ടിരുന്നു. 2022 ജൂലായിലാണ് ബൈഡന്‍ അവസാനമായി കോവിഡ് ബാധിതനായത്. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബൈഡന്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ജില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ ഏഴിന് ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും സെപ്റ്റംബര്‍ എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രയെ താന്‍ ഉറ്റുനോക്കുകയാണെന്ന് ബൈഡന്‍ പ്രതികരിച്ചിരുന്നു.
സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്. ഇന്ത്യ കൂടാതെ അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡോനീഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി-20 അംഗങ്ങള്‍.
Content Highlights: US First Lady Jill Biden tests positive for Covid-19, Joe Biden, G-20 Summit, Malayalam News