'എഐ' ഇനി ഔദ്യോഗികമായി 'സൂപ്പർ ഇന്റലിജൻസ്': ചരിത്രപരമായ ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

Donald Trump|photo:getty
Donald Trump|photo:getty

വാഷിംഗ്ടൺ ഡി.സി : അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ്' (SI) എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു.

'ഇനാഗുറേറ്റിംഗ് ദി എറ ഓഫ് സൂപ്പർ ഇന്റലിജൻസ്' എന്നാണ് ഈ ഉത്തരവിന് പേരിട്ടിരിക്കുന്നത്. ഇതോടെ അമേരിക്കൻ ഗവൺമെന്റിന്റെ എല്ലാ ഔദ്യോഗിക തലങ്ങളിലും 'എഐ' എന്ന വാക്കിന് പകരം 'എസ്‌ഐ' എന്ന വാക്കായിരിക്കും ഇനി മുതൽ ഔദ്യോഗികമായി ഉപയോഗിക്കുക.

ഏകദേശം 70 വർഷത്തോളം പഴക്കമുള്ള 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്ന പഴയ നിർവ്വചനത്തേക്കാൾ എത്രയോ മുകളിലാണ് ഇന്നത്തെ അമേരിക്കൻ സാങ്കേതികവിദ്യയുടെ ശേഷിയും വളർച്ചയുമെന്നും, കേവലം മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കുകയോ ചെറിയ ജോലികൾ ഓട്ടോമേറ്റ് ചെയ്യുകയോ ചെയ്യുന്നതിനപ്പുറം ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും മുൻപ് അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ സാധ്യമാക്കാൻ ഇന്നത്തെ സിസ്റ്റങ്ങൾക്ക് കഴിയുന്നുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

എക്‌സിക്യൂട്ടീവ് വകുപ്പുകൾ, ഏജൻസികൾ, വെബ്സൈറ്റുകൾ, ഔദ്യോഗിക റിപ്പോർട്ടുകൾ, ഭരണനയ രേഖകൾ എന്നിവയിലെല്ലാം ഈ മാറ്റം ഉടനടി നിലവിൽ വരും. മുൻപ് പുറപ്പെടുവിച്ച റെഗുലേഷനുകൾ, നിലവിലുള്ള ഗവൺമെന്റ് കരാറുകൾ, ഗ്രാന്റുകൾ, അല്ലെങ്കിൽ ചരിത്രപരമായ ആർക്കൈവ് രേഖകൾ എന്നിവയ്ക്ക് ഈ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ ബാധകമാകില്ല.

ഈ പ്രഖ്യാപനത്തിന് മുന്നോടിയായി വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, ജെൻസൻ ഹുവാങ്, ദാരിയോ അമോഡെയ് തുടങ്ങിയ പ്രമുഖ ടെക് കമ്പനി സിഇഓമാർ പങ്കെടുത്തു.

സൂപ്പർ ഇന്റലിജൻസ് സുരക്ഷിതമായി വികസിപ്പിക്കുന്നതിനും അമേരിക്കയെ സാങ്കേതിക രംഗത്തും ദേശീയ സുരക്ഷയിലും മുന്നിലെത്തിക്കുന്നതിനുമായി വൈറ്റ് ഹൗസും ടെക് ഭീമന്മാരും തമ്മിൽ കൃത്യമായ ധാരണയിലെത്തുകയും ചെയ്തു.

Content Highlights: US President Donald Trump signed an executive order titled 'Inaugurating the Era of Super Intelligence'., Federal government operations will now use 'Super Intelligence' (SI) instead of 'Artificial Intelligence' (AI)., Top tech CEOs including Elon Musk, Mark Zuckerberg, and Sundar Pichai attended the White House briefing., The change applies immediately to all executive departments, agencies, websites, and official policies.