ഇറാന്റെ 3 എണ്ണക്കപ്പലുകൾ തകർത്ത് അമേരിക്ക; ആക്രമണങ്ങൾക്കുള്ള മറുപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ്

#ന്യൂസ് ഡെസ്ക്
ഇറാനിയൻ ടാങ്കറായ M/T സ്റ്റാർക്ക് 1-ൽ യുഎസ് സൈനിക സേന നടത്തിയ ആക്രമണം | PHOTO: AFP
ഇറാനിയൻ ടാങ്കറായ M/T സ്റ്റാർക്ക് 1-ൽ യുഎസ് സൈനിക സേന നടത്തിയ ആക്രമണം | PHOTO: AFP

വാഷിങ്ടൺ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്കുനേരെ വ്യോമാക്രമണം നടത്തി അമേരിക്ക. അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് അമേരിക്കയുടെ തിരിച്ചടി. യുഎസ് കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്നും ആക്രമണത്തിൽ അമേരിക്കൻ സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് ഞായറാഴ്ച അറിയിച്ചു.

ഖാർഗ് ദ്വീപിന് സമീപമുണ്ടായിരുന്ന 'എം/ടി ഡൗണി', ജാസ്കിന് സമീപമുണ്ടായിരുന്ന 'എം/ടി സ്റ്റാർക്ക് 1' എന്നീ കപ്പലുകളാണ് യുഎസ് സൈന്യം ആക്രമിച്ചത്. കൂടാതെ, ഒമാൻ ഉൾക്കടലിൽ ഉണ്ടായിരുന്ന 'എം/ടി കൈലോ' ('നോക്സൻ' എന്നും അറിയപ്പെടുന്നു) എന്ന കപ്പൽ തകർക്കുകയും ചെയ്തു. ഈ കപ്പലിലെ ജീവനക്കാരോട് കപ്പൽ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിയിരുന്നെന്നും അതിനുശേഷമാണ് ആക്രമണം നടത്തിയതെന്നും യുഎസ് അറിയിച്ചു.

തങ്ങളുടെ രണ്ട് കപ്പലുകൾ ഇറാൻ ആക്രമിച്ചാൽ, ഇറാൻ്റെ മൂന്ന് കപ്പലുകൾ തകർക്കുമെന്നും തങ്ങളേക്കാൾ വലിയ സാമ്പത്തിക നഷ്ടം അവർക്ക് വരുത്തുമെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ ഐആർജിസിക്ക് നൽകുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. അമേരിക്കൻ സൈന്യത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും ആവശ്യമെങ്കിൽ ഇറാന്റെ മുഴുവൻ എണ്ണക്കപ്പലുകളും തകർക്കുമെന്നും കൂപ്പർ കൂട്ടിച്ചേർത്തു.

Content Highlights: US military destroyed three Iranian crude oil tankers in response to ballistic missile attacks on US warships., CENTCOM commander Admiral Brad Cooper warned of harsher economic and military retaliation., Targeted tankers include M/T Downy, M/T Stark 1, and M/T Kylo., The escalation significantly impacts commercial shipping and oil prices in the Strait of Hormuz.