ഫോണില്‍ നസ്രള്ളയുടെ ചിത്രം; "ബൈ-ബൈ റാഷാ"; യുവ ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക

വൈറ്റ് ഹൗസ് പങ്കുവെച്ച ട്രംപിന്റെ ചിത്രം, പ്രതിഷേധത്തിൽ നിന്ന് | Photo: 'X' @WhiteHouse, AFP
വൈറ്റ് ഹൗസ് പങ്കുവെച്ച ട്രംപിന്റെ ചിത്രം, പ്രതിഷേധത്തിൽ നിന്ന് | Photo: 'X' @WhiteHouse, AFP

വാഷിങ്ടൺ: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസൻ നസ്രള്ളയോടും തീവ്രവാദികളോടും അനുഭാവം പുലർത്തുന്ന ഫോട്ടോകളും വീഡിയോകളും സെൽ ഫോണിന്റെ ഡിലീറ്റഡ് ഫോൾഡറിൽ  കണ്ടെത്തിയതിനെ തുടർന്ന് യുവ ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക. റോഡ് ഐലൻഡിലെ ഡോക്ടറും ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസറുമായ റാഷ അലവീഹിനെയാണ് നാടുകടത്തിയത്. റാഷയെ ലെബനനിലേക്ക് നാടുകടത്തിയതായി യുഎസ് അധികൃതർ അറിയിച്ചു. 

വൈറ്റ് ഹൗസ് ഡ്രൈവ്-ത്രൂ വിൻഡോയിൽ നിന്ന് കൈവീശുന്ന ഡൊണാൾഡ് ട്രംപിന്റെ ഫോട്ടോയ്ക്കൊപ്പം "ബൈ-ബൈ റാഷാ" എന്നുകുറിച്ചാണ്  ഹോംലാൻഡ് സെക്യൂരിറ്റി എക്സ് പോസ്റ്റിലൂടെ നാടുകടത്തലിന്റെ വിവരം അറിയിച്ചത്.

ഷിയ മുസ്ലീം എന്ന നിലയിൽ മതപരമായ വീക്ഷണകോണിൽ നിന്ന് താൻ ഹസൻ നസ്രള്ളയെ പിന്തുണക്കുന്നുവെന്നും കഴിഞ്ഞ മാസം ലെബനനിൽ നസ്രള്ളയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതായും ഡോ. ​​റാഷ അലവീഹ് സമ്മതിച്ചതായി അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 34 കാരിയായ ഡോ. ​​റാഷ ലെബനീസ് പൗരയാണ്. എച്ച്-1ബി വിസയിലാണ് റാഷ അമേരിക്കയിലെത്തിയത്. കുടുംബത്തെ കാണാൻ ലെബനനിലേക്ക് പോയി മടങ്ങിവരവെ വ്യാഴാഴ്ച ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് റാഷയെ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൃക്ക മാറ്റിവയ്ക്കൽ വിദഗ്ദ്ധയായ റാഷ, ബ്രൗൺ സർവകലാശാലയിൽ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.

കേസിൽ തിങ്കളാഴ്ച നേരിട്ട് വാദം കേൾക്കാമെന്ന് യുഎസ് ജില്ലാ ജഡ്ജി ലിയോ സൊറോക്കിൻ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശനിയാഴ്ചയോടെ, കസ്റ്റംസ് ഉദ്യോഗസ്ഥർ റാഷയെ ലെബനനിലേക്ക് തിരിച്ചയച്ചു. കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച് റാഷയുടെ ബന്ധു ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം റാഷയെ നാടുകടത്തിയതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Content Highlights: US Deports Doctor for Hezbollah Support