ഇറാൻ യുദ്ധവും അധികാര ദുർവിനിയോഗവും; യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം

വാഷിംഗ്ടൺ ഡി.സി.: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടിനേതാവും കെന്റക്കിയിൽ നിന്നുള്ള ജനപ്രതിനിധിയുമായ തോമസ് മാസിയാണ് ഭരണഘടനാനുസൃതമായി ഹെഗ്സെത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് കുറ്റാരോപണങ്ങൾ അടങ്ങിയ പ്രമേയം സമർപ്പിച്ചത്.
മുൻകൂർ അനുമതിയില്ലാതെ നിയമവിരുദ്ധമായി യുദ്ധം നയിച്ചു, പെന്റഗൺ തലവനെന്ന നിലയിൽ അധികാരം ദുർവിനിയോഗം ചെയ്തു, ഭരണഘടനാപരമായ അധികാരം മറികടന്ന് വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മദുറോയെ തടവിലാക്ക്ി, കരീബിയൻ കടലിൽ നിയമനടപടികൾ പാലിക്കാതെ ലഹരിമരുന്ന് സംഘങ്ങളെ കൊലപ്പെടുത്തി എന്നിവയാണ് പ്രധാന ആരോപണങ്ങൾ.
ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ വകുപ്പ് തലവനെതിരെ ഭരണകക്ഷിയിൽ നിന്നുതന്നെ നീക്കം ശക്തമായിരിക്കുന്നത്.
ബുധനാഴ്ചയോടെ ജനപ്രതിനിധി സഭയിൽ ഇത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിലെ പരാജയം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ വലിയ ഭിന്നതയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. ഇതോടെ പ്രമേയത്തിൽ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്യാൻ ചില റിപ്പബ്ലിക്കൻ അംഗങ്ങളും തയ്യാറായേക്കും.
ഡെമോക്രാറ്റിക് പാർട്ടി നേതാവും ജനുവരിയിൽ സ്പീക്കറാകാൻ സാധ്യതയുമുള്ള ഹക്കീം ജെഫ്രീസ് ഇംപീച്ച്മെന്റ് നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഹെഗ്സെത്ത് തന്റെ അധികാരം ദുർവിനിയോഗം ചെയ്തെന്നും ദേശീയ സുരക്ഷയെ അപകടത്തിലാക്കിയെന്നും ജെഫ്രീസ് വ്യക്തമാക്കി. ഹെഗ്സെത്തിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാണെന്ന് റിപ്പബ്ലിക്കൻ അംഗമായ ഡോൺ ബേക്കൺ ചൂണ്ടിക്കാട്ടി. അതേസമയം മാസിയുടെ ഇംപീച്ച്മെന്റ് നീക്കത്തെ 'പ്രഹസനം' എന്ന് വിശേഷിപ്പിച്ച ഹെഗ്സെത്ത് തനിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതികരിച്ചു. ഇതിനിടെ ചൊവ്വാഴ്ച പെന്റഗണിൽ പ്രത്യേക വാർത്താസമ്മേളനം നടത്തുമെന്ന് ഹെഗ്സെത്ത് അറിയിച്ചിട്ടുണ്ട്.