ട്രംപിനുമേൽ സമ്മർദം ശക്തമാക്കി ഇസ്രയേൽ; ഇറാനെതിരെ വീണ്ടും ആക്രമണം വ്യാപിപ്പിക്കാൻ അമേരിക്ക?

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നെതന്യാഹുവും |ഫോട്ടോ:AFP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നെതന്യാഹുവും |ഫോട്ടോ:AFP

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ആക്രമണം വ്യാപിപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കാനുള്ള സാധ്യതകൾ അമേരിക്ക പരിശോധിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ ഇസ്രയേൽ സമ്മർദം ചെലുത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനുപിന്നാലെയാണ് പുതിയ നീക്കം.

അതേസമയം, ഇറാനും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും തങ്ങൾക്കെതിരെ പ്രകോപനപരമായ നടപടികളിലേക്ക് കടന്നില്ലെങ്കിൽ ഇറാനെതിരെയുള്ള ആക്രമണങ്ങളിൽനിന്ന് പിന്തിരിയാമെന്ന് ട്രംപ് മുതിർന്ന ഉപദേഷ്ടാക്കളോട് സൂചിപ്പിച്ചതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ സംഘർഷത്തിന്റെ കാര്യത്തിൽ ട്രംപ് പരസ്പരവിരുദ്ധമായ സൂചനകളാണ് നൽകുന്നത്. പുതിയ ആക്രമണങ്ങളിലൂടെ സൈനിക നടപടികൾ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിനൊപ്പം സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. 

അതിനിടെ, ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ഡയറക്ടർ റോമൻ ഗോഫ്മാൻ വെള്ളിയാഴ്ച വാഷിങ്ടണിലെത്തി ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു.

യുദ്ധം ഉടൻ അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്നും എന്നാൽ യുഎസ് സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് നയതന്ത്രപരമായ രീതിയിൽ മുന്നോട്ടുപോകുകയാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച സ്പോർട്സ് ബ്രോഡ്കാസ്റ്ററായ സ്റ്റീഫൻ എ. സ്മിത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

Content Highlights: US considers fresh military action against Iran amidst pressure from Israel., Donald Trump weighs diplomatic options versus expanding military operations., Internal political pressure in the US grows due to the economic cost of the war., Regional allies and public opinion urge an end to the ongoing conflict.