സൗദിക്ക് എഫ്-35 വിമാനം,‘ഇസ്രയേലിന് ലഭിച്ചതിന് സമാനം’; ഖഷോഗി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിരോധിച്ച് ട്രംപ്

വാഷിങ്ടണ്‍: സൗദി അറേബ്യക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഇസ്രായേലിന് നല്‍കിയതിന് 'ഏതാണ്ട് സമാനമായ' വിമാനങ്ങളായിരിക്കും ഇവയെന്നും അദ്ദേഹം പറഞ്ഞു. 48 എഫ്-35 ജെറ്റുകളാണ് സൗദി യുഎസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം ഓവല്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. അഞ്ചാം തലമുറയില്‍പ്പെട്ട ഈ വിമാനങ്ങള്‍ സൗദിക്ക് ലഭിക്കുമ്പോള്‍ ഇസ്രായേലിന്റെ സൈനിക മുന്‍തൂക്കം എങ്ങനെ നിലനിര്‍ത്തുമെന്ന് ട്രംപിനോട് ചോദ്യമുയര്‍ന്നു.
ഇരു രാജ്യങ്ങളും അമേരിക്കയുടെ അടുത്ത പങ്കാളികളായി തുടരുമെന്ന് ട്രംപ് മറുപടി നല്‍കി. ഇക്കാര്യത്തില്‍ ഇസ്രയേലിന് എതിര്‍പ്പില്ലെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. സൗദിയുമായും യുഎഇയുമായും ചൈനയ്ക്ക് അടുത്തബന്ധമുള്ളതിനാല്‍ എഫ്-35 സാങ്കേതികവിദ്യ അവരില്‍നിന്ന് ചൈന ചോര്‍ത്തിയെടുക്കുമോയെന്ന ആശങ്ക നേരത്തെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ളവര്‍തന്നെ ഉന്നയിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഇതിനിടെ 'വാഷിങ്ടണ്‍ പോസ്റ്റ്' കോളമിസ്റ്റ് ജമാല്‍ ഖഷോഗി കൊലപാതകത്തില്‍ ആരോപണവിധേയനായ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിരോധിച്ചും ട്രംപ് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട ട്രംപ് മുഹമ്മദ് ബിന്‍ സല്‍മാന് സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും പറഞ്ഞു.
2018ല്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിന്റെപേരില്‍ ഇരുരാജ്യവും തമ്മില്‍ പിരിമുറുക്കമുണ്ടായശേഷം ഇപ്പോഴാണ് സൗദി രാജകുമാരന്‍ യുഎസിലെത്തുന്നത്. കൊലപാതകത്തിന് ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരിക്കാമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തെ തള്ളിക്കൊണ്ടാണ് ട്രംപ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജമാല്‍ ഖഷോഗി വിവാദ പുരുഷനാണെന്നും ട്രംപ് പറഞ്ഞു. തന്റെ സന്ദര്‍ശകനെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ് ഈ വിഷയം ഉന്നയിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.
'നിങ്ങള്‍ പരാമര്‍ശിക്കുന്നത് വളരെ വിവാദപുരുഷനായ ഒരാളെക്കുറിച്ചാണ്. നിങ്ങള്‍ സംസാരിക്കുന്ന ആ മാന്യനെ ഒരുപാട് പേര്‍ക്ക് ഇഷ്ടമായിരുന്നില്ല. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും, പലതും സംഭവിക്കും' ട്രംപ് പറഞ്ഞു.
സൗദി കിരീടാവകാശിയുടെ നേരെ തിരിഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു, 'അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, നമുക്ക് അത് അവിടെ നിര്‍ത്താം.'
Content Highlights: President Trump confirms F-35 fighter jet sale to Saudi Arabia, similar to Israel`s.