ബ്രിട്ടനിലെ യു.എസ്. താവളത്തിൽനിന്ന് പറന്നുയർന്ന് ബോംബർ വിമാനം; ട്രംപിന്റെ പ്രതികരണം കാത്ത് ടെഹ്റാൻ

ലണ്ടൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ബ്രിട്ടനിലെ ആർ.എ.എഫ്. ഫെയർഫോർഡ് വ്യോമസേനാ താവളത്തിൽനിന്ന് അമേരിക്കയുടെ ബി-1ബി ദീർഘദൂര ബോംബർ വിമാനം പറന്നുയർന്നതായി റിപ്പോർട്ട്. നിലവിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകളിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം പുറത്തുവരാനിരിക്കെയാണ് പുതിയ നീക്കം.
ബ്രിട്ടനിലെ ഈ വ്യോമതാവളത്തിൽനിന്ന് വിമാനം ഇറാനിലേക്ക് എത്താൻ ആറു മുതൽ എട്ട് മണിക്കൂർ വരെ സമയമെടുക്കും. മാർച്ച് മുതൽ ഇറാൻ്റെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന 'ഓപ്പറേഷൻ എപിക് ഫ്യൂറി' ആക്രമണങ്ങളുടെ പ്രധാന താവളമായി പ്രവർത്തിച്ചത് ആർ.എ.എഫ്. ഫെയർഫോർഡ് ആണ്. വിമാനം ആഫ്റ്റർബേണറുകൾ ഉപയോഗിച്ച് പറന്നുയരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വലിയതോതിൽ ആയുധശേഖരം വഹിക്കുമ്പോഴോ അല്ലെങ്കിൽ പരിശീലന സമയത്തോ ആണ് സാധാരണയായി ഇത് ഉപയോഗിക്കാറുള്ളത്.
എന്നാൽ, ഈ ബോംബർ വിമാനത്തിന്റെ കൃത്യമായ ദൗത്യം എന്താണെന്നകാര്യത്തിൽ വ്യക്തതയില്ല. വ്യോമതാവളത്തിൽ പതിവായി അമേരിക്കൻ ബോംബർ വിമാനങ്ങളുടെ പരിശീലന ദൗത്യങ്ങൾ നടക്കാറുള്ളതിനാൽ, വിമാനം പുറപ്പെട്ടതിന് പിന്നിൽ നിലവിലെ ഇറാൻ സംഘർഷവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് ഉറപ്പിച്ചു പറയാനാകില്ല. പന്ത്രണ്ടോളം ബി-1ബി ബോംബർ വിമാനങ്ങൾ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സായുധ സേന കനത്ത ജാഗ്രതയിലാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, ടെഹ്‌റാനിൽനിന്ന് ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
PENTAGON BOMBER DEPARTS UK BASE as MIDDLE EAST TENSIONS SOAR https://t.co/m3weP7Jtpr pic.twitter.com/KfKY6cjBpa
— RT (@RT_com) September 19, 2026
ഇതിനിടെ, പശ്ചിമേഷ്യയിലെ ആറ് രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരന്മാർക്ക് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്യാമ്പ് ഡേവിഡിലെ സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് നിശ്ചയിച്ചതിലും നേരത്തെ വൈറ്റ് ഹൗസിലേക്ക് മടങ്ങിയതും പുതിയ സംഭവ വികാസങ്ങളും ചേർത്ത് നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ തങ്ങളുടെ നിബന്ധനകൾ ഖത്തർ പ്രതിനിധികൾ വഴി യുഎസിന് കൈമാറിയിട്ടുണ്ടെന്നും ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഖത്തർ മധ്യസ്ഥനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇറാൻ പ്രതിനിധി റെസായ വ്യക്തമാക്കിയതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുമ്പോഴും, ഒരു 'യുദ്ധത്തിന്' ഇറാൻ സജ്ജമാണെന്നും അമേരിക്കൻ സൈന്യത്തിന്റെ ബലഹീനതകൾ തങ്ങൾക്ക് അറിയാമെന്നും റെസായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: US B-1B bomber departed from RAF Fairford base in the UK amid escalating Middle East tensions., Iran is awaiting US President Donald Trump's response regarding proposed truce terms delivered via Qatari mediators., US State Department issued security alerts for American citizens across six Middle Eastern countries., Iran maintains high military readiness while signaling a willingness for diplomatic engagement.