യുഎസ് മുക്കിയത് വിശാഖപട്ടണത്തുനിന്ന് മടങ്ങിയ ഇറാൻ കപ്പലിനെ; ഇന്ത്യയിലെത്തിയത് സൈനികാഭ്യാസത്തിന്

#ന്യൂസ് ഡെസ്ക്
ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍ | Photo Credit: X post by @Adrian850214131
ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍ | Photo Credit: X post by @Adrian850214131

ന്യൂഡൽഹി: വിശാഖപട്ടണത്തുവെച്ച് നടന്ന സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ ഇറാന്റെ കപ്പലിനെയാണ് ഇന്ത്യൻ മഹാ സമുദ്രത്തിൽ വെച്ച് അമേരിക്ക ആക്രമിച്ചതെന്ന് റിപ്പോർട്ട്. ഇറാനുനേർക്ക് യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായി ആയിരുന്നു ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് അടുത്തുവെച്ച് ബുധനാഴ്ച പുലർച്ചെ ആക്രമണം നടന്നത്.

ഫെബ്രുവരി 15 മുതൽ 25 വരേയായിരുന്നു വിശാഖപട്ടണത്ത് വെച്ച് മിലാൻ 2026 ബഹുരാഷ്ട്ര നാവിക സേനാഭ്യാസം നടന്നത്. ഇതിൽ പങ്കെടുക്കാനായാണ് ഐറിസ് ഡെന എന്ന ഇറാന്റെ സൈനിക കപ്പൽ ഇന്ത്യയിൽ എത്തിയത്. ഇതിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണമുണ്ടായത്.

ഇറാൻ നാവിക സേനയുടെ ഫ്രിഗേറ്റ് വിഭാഗത്തിൽ വരുന്ന കപ്പലാണ് ഐറിസ് ഡെന. ഇന്ത്യയിൽ സൈനികാഭ്യാസത്തിനു ശേഷം മടങ്ങിയ ഈ കപ്പലിൽ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തിയതായാണ് വിവരം.

ഇറാന്‍റെ കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ആക്രമിച്ച് മുക്കിയത് തങ്ങളുടെ മുങ്ങിക്കപ്പലാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹേഗ്സേഥ് സ്ഥിരീകരിച്ചിരുന്നു. കപ്പൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക അവർ മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടിരുന്നു. ടോർപ്പിഡോ ഉപയോഗിച്ചാണ് രാജ്യാന്തര സമുദ്രത്തിൽ വെച്ച് കപ്പൽ തകർത്തതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. 'നിശ്ശബ്ദ മരണ'മെന്നാണ് ഹേഗ്സേഥ് ആക്രമണത്തെ വിശേഷിപ്പിച്ചത്.

ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ ശ്രീലങ്ക രക്ഷാപ്രവർത്തനത്തിനായി നാവികസേനയെ അയച്ചിരുന്നു. നാവികസേനയ്‌ക്കൊപ്പം വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.  സംഭവത്തിൽ വിശദാന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Content Highlights: US allegedly attacks Iranian warship IRIS Dena., The attack occurred in the Indian Ocean near the Sri Lankan coast., The ship was returning from the 'Milan 2026' multinational naval exercise in India.