‘മിസ്റ്റർ പ്രസിഡന്റ്, ഫിനിഷ് ദ ജോബ്!’; നെതന്യാഹുവിന്റെ കെണിയിൽ ട്രംപ്

#സിസി ജേക്കബ്
File Photo: AP
File Photo: AP

പ്രസിഡന്റ്പദത്തിലെ രണ്ടാംവരവിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഒരു കല്ലേറുദൂരത്തെങ്കിലും നിർത്തുന്ന ഡൊണാൾഡ് ട്രംപിനെയാണ് കണ്ടത്. ഇറാനെ ആക്രമിക്കാൻ നേരമായെന്ന് ഏപ്രിലിൽ ഫോൺവിളിച്ചുപറഞ്ഞ നെതന്യാഹുവിനെ ട്രംപ് നിരുത്സാഹപ്പെടുത്തി. മേയിൽ പശ്ചിമേഷ്യ സന്ദർശിച്ചപ്പോൾ ഇസ്രയേലിൽ പോയില്ല. ഇസ്രയേലിന്റെ അയൽരാജ്യമായ സിറിയയ്ക്ക് യുഎസ് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ നീക്കി. ഇക്കാര്യത്തിലെ നെതന്യാഹുവിന്റെ എതിർപ്പ് മുഖവിലയ്ക്കെടുത്തില്ല. അദ്ദേഹത്തിന്‌ തീരേ ഇഷ്ടമില്ലാത്ത മറ്റൊന്നുകൂടി ചെയ്തു-ആണവനിർവ്യാപനക്കരാറുണ്ടാക്കാൻ ഇറാനുമായി ചർച്ചതുടങ്ങി. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്തുണ്ടാക്കിയ കരാറിൽനിന്ന് പിൻമാറാൻ ഒന്നാംഭരണകാലത്ത് ട്രംപിനെ പ്രേരിപ്പിച്ചത് നെതന്യാഹുവാണെന്നാണ് പറയുന്നത്.

യുദ്ധക്കൊതിയനെന്ന്‌ പൊതുവേ അറിയപ്പെടുന്ന നെതന്യാഹുവിന്റെ പിടിയിൽപ്പെടാതെ ‘സമാധാനസ്ഥാപകനാ’യി നിലനിൽക്കാൻ നോക്കിയ ട്രംപിന് പക്ഷേ, അധികാരത്തിലേറി ഇരുന്നൂറുനാൾ തികയുംമുൻപ് ഇറാനിൽ ബോംബിടേണ്ടിവന്നിരിക്കുന്നു. പതിറ്റാണ്ടുകളായി നെതന്യാഹു മനസ്സിൽ താലോലിക്കുന്ന മോഹം അങ്ങനെ സഫലമായി. ആര് യുഎസ് പ്രസിഡന്റായാലും അവരെക്കൊണ്ട് തന്റെ കാര്യം നടത്തിച്ചെടുക്കാൻ പ്രത്യേക വൈഭവമുണ്ട് അദ്ദേഹത്തിന്. യുഎസിന്റെ വിദേശസഹായധനത്തിന്റെ എട്ടുമുതൽ 10 വരെ ശതമാനം വർഷാവർഷം ഇസ്രയേലിന് സൈനികസഹായമായി ലഭിക്കുന്നു. ഇസ്രയേൽ ജൂൺ 13-ന് ഇറാനിൽ ബോംബിട്ടപ്പോൾ ട്രംപ് നെതന്യാഹുവിനെ അഭിനന്ദിച്ചു. ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന്‌ പറഞ്ഞു. ഇസ്രയേലിന്റേത് ഏകപക്ഷീയ പ്രവൃത്തിയാണെന്നാണ് യുഎസ് വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത്; യുഎസ് ഇടപെട്ടിട്ടില്ലെന്നും. പ്രസിഡന്റിന്റെയും വിദേശകാര്യ സെക്രട്ടറിയുടെയും വാക്കുകൾ പൊരുത്തപ്പെട്ടില്ല. ഫൊർദോ ആണവനിലയം തകർക്കാൻ തങ്ങളുടെ ആയുധങ്ങൾക്കൊന്നും ശേഷിയില്ലെന്നറിയാവുന്ന ഇസ്രയേൽ, യുഎസിന്റെ ജിബിയു-57 ‘തുരപ്പൻ’ ബോംബ് ആവശ്യപ്പെട്ടു. അതുവഹിക്കാൻ ശേഷിയുള്ളത് യുഎസിന്റെ ബി-2 ബോംബർ വിമാനങ്ങൾക്കുമാത്രമാണ്.

അങ്ങനെവരുമ്പോൾ ഇറാനിൽ യുഎസ് വ്യോമസേനയിറങ്ങണം. ട്രംപ് അല്പം മടിച്ചു. ഇറാനിൽ നയതന്ത്രസാധ്യത തേടാനായി, രണ്ടാഴ്ചകഴിഞ്ഞേ യുദ്ധത്തിലെ പങ്കാളിത്തം ആലോചിക്കൂ എന്നു പറഞ്ഞു. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ ആ വാക്ക് വിഴുങ്ങി. പശ്ചിമേഷ്യയിൽ ദൂരവ്യാപക ഫലമുണ്ടാക്കാവുന്ന തീരുമാനമെടുത്തു. ബി-2 ബോംബറുകൾ ഇറാനിൽ ബോംബിട്ടു. ഫൊർദോയും നതാൻസും ഇസ്‌ഫഹാനും തകർത്തെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു.

ട്രംപിന്റെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനുപോലും ഇറാനിലെ ആക്രമണത്തിൽ താത്പര്യമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. ജൂൺ 13-ന് ഇറാൻ ആക്രമിച്ചശേഷം ടെൽ അവീവിൽ പരസ്യപ്പലകകൾ ഉയർന്നിരുന്നു. അതിൽ ട്രംപിനോടുള്ള ഒരു അഭ്യർഥനയുണ്ടായിരുന്നു: ‘മിസ്റ്റർ പ്രസിഡന്റ്, ഫിനിഷ് ദ ജോബ്!’ ഇറാന്റെ കഥകഴിക്കാൻ ട്രംപിനുള്ള ക്ഷണം. കഥമുഴുവൻ കഴിക്കാൻ ട്രംപ് ഇപ്പോൾ തയ്യാറല്ല.

Content Highlights: us attack iran israel conflict trump netanyahu