ദിവസങ്ങളല്ല, ആഴ്ചകൾ നീണ്ടേക്കാം; ഇറാനെതിരേ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നടപടി ഉടൻ?

വാഷിങ്ടൺ: ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കുമെന്നും റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞകൊല്ലം 12 ദിവസം നീണ്ടുനിന്ന സംഘർഷത്തേക്കാൾ വലിയ സൈനിക നടപടിക്കാണ് യുഎസും ഇസ്രയേലും പദ്ധതിയിടുന്നതെന്നും സംഭവിക്കുകയാണെങ്കിൽ അത് ആഴ്ചകളോളം നീണ്ടുനിന്നേക്കുമെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് കൂട്ടിച്ചേർക്കുന്നു. ചെറു നടപടികൾക്കപ്പുറം പൂർണതോതിലുള്ള സൈനിക നടപടിക്ക് സമാനമായ ഒരുക്കങ്ങൾക്ക് ട്രംപ് ഭരണകൂടം തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഇസ്രയേലുമായി ചേർന്നായിരിക്കും യുഎസ് നീക്കമെന്നാണ് സൂചന.
അതേസമയം, ഇറാൻ-യുഎസ് രണ്ടാംവട്ട നയതന്ത്ര ചർച്ച ചൊവ്വാഴ്ച പൂർത്തിയായി. കാര്യങ്ങളിൽ പുരോഗതിയുണ്ടെന്ന് ഇരുകൂട്ടരും അവകാശപ്പെടുമ്പോഴും ചില നിർണായക കാര്യങ്ങളിൽ ഇനിയും തീരുമാനമായിട്ടില്ലെന്നാണ് വിവരം. അവ പരിഹരിക്കപ്പെടുമെന്ന് യുഎസിന് പ്രതീക്ഷയുമില്ല. അതിനിടെ പ്രദേശത്ത് യുഎസ്, അവരുടെ നാവിക-വ്യോമവിന്യാസം ശക്തമാക്കുന്നുണ്ട്. 150-ലേറെ യുഎസ് മിലിട്ടറി കാർഗോ വിമാനങ്ങൾ മേഖലയിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
Content Highlights: us and israel likely to launch military operation against iran soon report