ഇറാനിൽ യുഎസ് വ്യോമാക്രമണം; കുട്ടികളുടെ കാൻസർ ആശുപത്രി തകർത്തു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

അഹ്‌വാസ് (ഇറാൻ): ഇറാനിൽ അഹ്‌വാസ് നഗരത്തിലെ ഷാഹിദ് ബഗേയി ആശുപത്രിക്കുനേരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു. ആക്രമണത്തെത്തുടർന്ന്, അസുഖബാധിതരായ കുട്ടികളെയും മറ്റുരോഗികളെയും അടിയന്തരമായി ഒഴിപ്പിച്ചു.

ഒരാഴ്ചക്കിടെ രാജ്യത്തുടനീളം നടന്ന യുഎസ് ആക്രമണങ്ങളിൽ ഇതുവരെ 35 പേർ കൊല്ലപ്പെട്ടതായും മുന്നൂറിലധികം പേർക്ക് പരിക്കേറ്റതായും ഇറാൻ അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച സൈനിക ബാരക്കിനുനേരെ നടന്ന ബോംബാക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അഹ്‌വാസിന് പുറമെ ഇറാനിലെ പ്രധാന നഗരങ്ങളായ ഖെഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, സിറിക്, ചഹാബഹാർ, കൊനാരക്, റാസ്ക് സിറ്റി, ഖൊണ്ടാബ്, ഖൊറമാബാദ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ്റെ ഏക സിവിലിയൻ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും അമേരിക്ക ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോർമുസ് കടക്കുന്ന കപ്പലുകളെ ആക്രമിക്കുന്ന ഇറാൻ്റെ സൈനിക നീക്കങ്ങളാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. അതേസമയം, അമേരിക്കയുടെ അത്യാധുനിക MQ-9 ഡ്രോണുകൾ, ഇറാൻ ആൻഡിമേഷ്ക്ക് നഗരത്തിന് മുകളിൽവെച്ച് വെടിവെച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു.

ഇറാൻ സമാധാന ചർച്ചകൾക്ക് തയ്യാറാകാത്തപക്ഷം വരുംദിവസങ്ങളിൽ ഇറാൻ്റെ ഊർജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Content Highlights: US airstrikes caused significant damage to the Shahid Baghaei children's cancer ward in Ahvaz., Casualties reported at 35 dead and over 300 injured across multiple Iranian cities., US Central Command (CENTCOM) claims targeting military assets; IRGC claims downing a US MQ-9 drone., Donald Trump threatens further strikes on Iranian energy infrastructure and bridges., Global oil market volatility due to tensions in the Strait of Hormuz.