അത്യാധുനിക യുദ്ധവിമാനം, പക്ഷേ ഉപയോഗിക്കുന്നത് 90കളിലെ മെമ്മറി കാർഡ്! ; 256 MB കാർഡുകൾ തേടി യു.എസ് സേന

#ന്യൂസ് ഡെസ്ക്
ഫോട്ടോ: AFP
ഫോട്ടോ: AFP

വാഷിങ്ടൺ: അമേരിക്കയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ് എഫ്-22 റാപ്റ്റർ. ഈ അത്യാധുനിക യുദ്ധവിമാനത്തിലുപയോഗിക്കാൻ 90 കളിലെ മെമ്മറികാർഡുകൾ തേടുകയാണ് അമേരിക്കൻ സേന. വിമാനങ്ങളിൽ നിന്ന് വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന പഴയ മെമ്മറി കാർഡുകൾ ലഭ്യമാക്കാൻ കമ്പനികളെ തേടുകയാണ് അമേരിക്കൻ വ്യോമസേന. നവംബർ 16-ന് അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇത്തരം കാർഡുകൾ വിതരണം ചെയ്യാൻ കഴിയുന്ന അമേരിക്കൻ കമ്പനികളോട് വിവരങ്ങൾ തേടിയത്. ഡിസംബർ ഒന്നിനകം കമ്പനികൾ പ്രതികരണം അറിയിക്കണമെന്നാണ് നിർദേശം.

നിലവിൽ മെമ്മറി കാർഡുകൾ വാങ്ങുന്നതിനുള്ള ഔദ്യോഗിക കരാർ പ്രഖ്യാപിച്ചിട്ടില്ല. വിതരണത്തിന് ശേഷിയുള്ള കമ്പനികളെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക വിപണി പഠനത്തിന്റെ ഭാഗമായാണ് വ്യോമസേനയുടെ അറിയിപ്പ്. കരാർ നൽകാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും വിവരശേഖരണം മാത്രമാണ് ലക്ഷ്യമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ കമ്പനികൾക്കാണ് പരിഗണന.

ശത്രുവിന്റെ റഡാറുകളെ വെട്ടിച്ച് പറക്കാനും ലോകത്തിലെ ഏറ്റവും ആധുനിക യുദ്ധവിമാനങ്ങളോട് ഏറ്റുമുട്ടാനും ശേഷിയുള്ള അമേരിക്കയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ് എഫ്-22 റാപ്റ്റർ. എന്നാൽ ഈ അത്യാധുനിക വിമാനത്തിൽ ദൗത്യവിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നത് 1990-കളിൽ പ്രചാരത്തിലുണ്ടായിരുന്ന പഴയ മെമ്മറി കാർഡുകളാണ്. കുറഞ്ഞത് 256 മെഗാബൈറ്റ് ശേഷിയുള്ള മെമ്മറി കാർഡുകളാണ് വ്യോമസേനയ്ക്ക് ആവശ്യം. ഇന്നത്തെ സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന സ്റ്റോറേജ് ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ അളവാണിത്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന എഫ്-22 റാപ്റ്ററിന്റെ സാങ്കേതിക സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ പഴയകാല സ്റ്റോറേജ് ഉപകരണങ്ങൾ ഇപ്പോഴും ആവശ്യമാണ് എന്നതാണ് ശ്രദ്ധേയം.

എന്താണ് എഫ്-22 ഉപയോഗിക്കുന്ന പഴയ മെമ്മറി കാർഡുകൾ?

1990-കളിലും 2000-ങ്ങളുടെ തുടക്കത്തിലും ലാപ്‌ടോപ്പുകളിൽ ഉപയോഗിച്ചിരുന്ന പേഴ്‌സണൽ കമ്പ്യൂട്ടർ സ്റ്റാൻഡേർഡ് 95 ടൈപ്പ് II ഫ്‌ലാഷ് കാർഡുകളും കോംപാക്റ്റ് ഫ്‌ലാഷ് കാർഡുകളുമാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്.

കോംപാക്റ്റ് ഫ്‌ലാഷ് കാർഡുകൾ പഴയ ഡിജിറ്റൽ ക്യാമറകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന സ്റ്റോറേജ് ഉപകരണങ്ങളാണ്. ഇവ എഫ്-22 വിമാനത്തിലെ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പ്രത്യേക പിസിഎംസിഐഎ (PCMCIA) ടൈപ്പ് II അഡാപ്റ്ററുകളും ആവശ്യമാണ്.

കാർഡുകൾക്ക് കുറഞ്ഞത് 256 എംബി ശേഷിയുണ്ടായിരിക്കണം. വ്യോമസേന നൽകുന്ന ഹോസ്റ്റ് സിസ്റ്റത്തിൽ വിവരങ്ങൾ വായിക്കാനും എഴുതാനും കഴിയുന്ന തരത്തിലുള്ളവയായിരിക്കണം ഇവ. പഴയ FAT16 ഫയൽ സിസ്റ്റത്തിൽ ഫോർമാറ്റ് ചെയ്ത കാർഡുകൾക്കാണ് മുൻഗണന.

കൂടുതൽ ശേഷിയുള്ള ആധുനിക മെമ്മറി കാർഡുകൾ ലഭ്യമാണെങ്കിലും അവയെല്ലാം എഫ്-22-ന്റെ നിലവിലുള്ള ഹാർഡ്വെയറുമായി പ്രവർത്തിക്കണമെന്നില്ല. അതിനാൽ പഴയ സാങ്കേതിക സംവിധാനങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്ന കാർഡുകളാണ് അമേരിക്ക തേടുന്നത്.

ദൗത്യവിവരങ്ങൾ കൈമാറാൻ മെമ്മറി കാർഡ്

എഫ്-22 വിമാനത്തിലെ ഡാറ്റ ട്രാൻസ്ഫർ കാർട്രിഡ്ജിന്റെ ഭാഗമായാണ് ഈ മെമ്മറി കാർഡുകൾ പ്രവർത്തിക്കുന്നത്. വിമാനത്തിന്റെ ഗ്രൗണ്ട് സംവിധാനങ്ങളിൽനിന്ന് ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിമാനത്തിലേക്ക് കൈമാറുകയാണ് ഇതിന്റെ പ്രധാന ചുമതല.

ഒരു ദൗത്യത്തിനുമുമ്പ് വിമാനത്തിന്റെ സഞ്ചാരപാത, റേഡിയോ ക്രമീകരണങ്ങൾ, ശത്രുവുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവ ഗ്രൗണ്ടിൽവെച്ച് കാർഡിൽ രേഖപ്പെടുത്തും. പിന്നീട് ഈ വിവരങ്ങൾ വിമാനത്തിലെ സംവിധാനങ്ങളിലേക്ക് കൈമാറും. ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയശേഷം വിമാനത്തിന്റെ പ്രവർത്തനവിവരങ്ങൾ ശേഖരിക്കാനും അറ്റകുറ്റപ്പണികൾക്കും വിശകലനത്തിനും ഈ കാർട്രിഡ്ജ് ഉപയോഗിക്കുന്നു.

അഞ്ചാം തലമുറ എഫ്-22 റാപ്റ്റർ

1997-ലാണ് എഫ്-22 റാപ്റ്റർ ആദ്യമായി പരീക്ഷണപ്പറക്കൽ നടത്തിയത്. 2005-ൽ പ്രവർത്തനസജ്ജമായി. ലോക്ക്ഹീഡ് മാർട്ടിനും ബോയിങ്ങും ചേർന്നാണ് ഇരട്ട എൻജിനുകളുള്ള ഒറ്റ പൈലറ്റ് വിമാനമായ എഫ്-22 വികസിപ്പിച്ചത്. സ്റ്റെൽത്ത് സാങ്കേതികവിദ്യ, അത്യാധുനിക സെൻസറുകൾ, സംയോജിത ഏവിയോണിക്‌സ് സംവിധാനങ്ങൾ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.

2014-ൽ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിലാണ് വിമാനത്തിന്റെ ആദ്യ യുദ്ധവിന്യാസം. 2023 ഫെബ്രുവരിയിൽ അമേരിക്കൻ വ്യോമാതിർത്തിക്ക് സമീപം കണ്ടെത്തിയ ചൈനീസ് നിരീക്ഷണ ബലൂണിനെ വെടിവെച്ചിട്ടതും എഫ്-22 ആയിരുന്നു. അമേരിക്കയുടെ മറ്റു അഞ്ചാം തലമുറ വിമാനമായ എഫ്-35 പോലെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാത്ത വിമാനമാണിത്. കോൺഗ്രസിന്റെ നിയന്ത്രണമാണ് ഇതിന് കാരണം.

എഫ്-22 റാപ്റ്ററിനെ 2030-കൾ വരെയും പ്രവർത്തനസജ്ജമായി നിലനിർത്താനാണ് അമേരിക്കൻ വ്യോമസേനയുടെ ലക്ഷ്യം. എന്നാൽ വിമാനത്തിന്റെ പഴയ സാങ്കേതിക സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്ന സ്‌പെയർ പാർട്‌സുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നത് വെല്ലുവിളിയാകുകയാണ്. ശത്രുവിന്റെ റഡാറുകളെ മറികടക്കാൻ ശേഷിയുള്ള അത്യാധുനിക യുദ്ധവിമാനത്തിന് ഇന്ന് ആവശ്യമായി വരുന്നത് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള മെമ്മറി കാർഡുകളാണെന്നതാണ് കൗതുകകരം.

Content Highlights: US Air Force is searching for companies to supply 1990s-era memory cards for F-22 Raptor stealth jets., The jets require at least 256MB capacity PCMCIA Type II flash cards formatted in FAT16., Despite being an advanced fifth-generation fighter, the F-22 relies on legacy storage systems for mission data transfer., The US Air Force plans to keep the F-22 operational through the 2030s.