നാറ്റോ അംഗത്വം വാഗ്ദാനം ചെയ്താൽ ഡോൺബാസിൽ നിന്ന് യുക്രൈൻ പിന്മാറുമോ? യു.എസ്. ആരാഞ്ഞതായി സെലൻസ്കി

അബുദാബി: നാറ്റോ അംഗത്വം ലഭിക്കുന്നതിന് പകരമായി കിഴക്കൻ ഡോൺബാസ് പ്രദേശത്തുനിന്ന് യുക്രൈൻ പിന്മാറുന്നതിനെക്കുറിച്ചുള്ള സാധ്യത അമേരിക്ക ഉന്നയിച്ചതായി യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി. അബുദാബിയിൽ നടന്ന സമാധാന ചർച്ചകൾക്കിടയിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നതെന്ന് സെലെൻസ്കിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നാറ്റോ അംഗത്വം വാഗ്ദാനം ചെയ്താൽ ഡോൺബാസിൽനിന്ന് യുക്രൈൻ പിന്മാറുമോ എന്ന വിഷയം ആദ്യമായാണ് അമേരിക്ക ഉന്നയിക്കുന്നത്. നാറ്റോയുമായും യൂറോപ്യൻ യൂണിയനുമായും ചർച്ചകൾ നടത്തിവരികയാണെന്നും പാശ്ചാത്യ രാജ്യങ്ങൾ ഈ നിർദ്ദേശത്തിൽ സ്ഥിരീകരണം നൽകിയശേഷം മാത്രമേ ഇത് അംഗീകരിക്കണോ വേണ്ടയോ എന്ന് താൻ യുക്രൈനിയൻ ജനതയോട് അഭിപ്രായം ചോദിക്കുകയുള്ളൂവെന്നും തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒൻപത് മാസങ്ങൾക്ക് ശേഷമാണ് റഷ്യയും യുക്രൈയ്നുംതമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ആദ്യമായി ചർച്ചകൾ നടന്നത്. ഈ കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ചപ്പോൾ, ചർച്ചകൾ അർത്ഥവത്തായിരുന്നുവെന്ന് സെലെൻസ്കി അഭിപ്രായപ്പെട്ടു.