നാശംവിതച്ച് 117 ഡ്രോണുകൾ; 41 വിമാനങ്ങൾ തകര്‍ത്തെന്ന് യുക്രൈന്‍,റഷ്യ ഞെട്ടിയ Operation Spider's web

Photo: 'X' Sergej Sumlenny, LL.M
Photo: 'X' Sergej Sumlenny, LL.M

കീവ്: 'സ്പൈഡേഴ്സ് വെബ്' ഓപ്പറേഷൻ.. പേര് പോലെ സമയമെടുത്ത് വല നെയ്ത് ഇരയ്ക്ക് വേണ്ടി കാത്തിരുന്ന് കൃത്യസമയത്ത് ഇരയെ വലയ്ക്കുള്ളിലാക്കുന്ന ചിലന്തിയുടെ യുദ്ധതന്ത്രത്തിന് സമാനം. റഡാറുകളെയും പ്രതിരോധ സംവിധാനങ്ങളേയും നിഷ്പ്രഭമാക്കി സൈനിക വ്യോമ താവളങ്ങള്‍ തകര്‍ത്ത യുക്രൈന്‍ ഡ്രോണ്‍ ആക്രമണം റഷ്യയെ ഞെട്ടിച്ചു. ഒന്നരവർഷം നീണ്ട തയാറെടുപ്പിനൊടുവിലാണ് റഷ്യന്‍ മണ്ണില്‍ വന്‍ നാശംവിതച്ച യുക്രൈന്‍ ഓപ്പറേഷന്‍ നടന്നത്‌. 

ഫസ്റ്റ്-പേഴ്‌സൺ-വ്യൂ (എഫ്പിവി) ഡ്രോണുകൾ ഉപയോഗിച്ച് 41 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്റെ ഈ മിന്നല്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് സംഭവിച്ച നാശനഷ്ടം ഏകദേശം 700 കോടി ഡോളറിന്റേതാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ഒരു പൂർണ്ണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അമേരിക്കയുടെയും യൂറോപ്പിന്റെയും ആണവായുധങ്ങളെ നശിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യ രൂപകൽപ്പന ചെയ്ത 'ഡൂംസ്ഡേ ബോംബറുകൾ' ആണ് ഡ്രോൺ ആക്രമണത്തിൽ തകർന്നതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ ഈ വിമാനങ്ങളിൽ രൂപമാറ്റം വരുത്തി ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് യുക്രൈനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് യുക്രൈൻ വൃത്തങ്ങളുടെ വാദം.

റഷ്യയിലേക്ക് ഡ്രോണുകൾ കടത്തിയത് എങ്ങനെ?

യുദ്ധ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും കനത്ത ജാ​ഗ്രത പുലർത്തുന്ന ഘട്ടത്തിലാണ് യുക്രൈന്റെ ഡ്രോൺ ആക്രമണം എന്നത് ശ്രദ്ധേയമാണ്. ഈ ഒരു സാഹചര്യത്തിൽ യുക്രൈൻ എങ്ങനെയാണ് ഈ ഡ്രോണുകൾ റഷ്യയിലേക്ക് കടത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. 

ഡ്രോണുകൾ മുൻകൂട്ടി റഷ്യയിലേക്ക് കടത്തുകയായിരുന്നു ആദ്യഘട്ടം. ട്രക്കുകള്‍ക്കുള്ളില്‍ തടിയില്‍ തീര്‍ത്ത നിര്‍മ്മിതികള്‍ക്കുള്ളില്‍ ഡ്രോണുകള്‍ ഒളിപ്പിച്ചു വെച്ചാണ് ഇവ റഷ്യയിലേക്കെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. യുക്രൈനില്‍ നിന്ന് ഇവ റിമോട്ടായി പ്രവര്‍ത്തിപ്പിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. കണ്ടെയ്‌നറുകളായി തോന്നുന്നവയിൽ ഒളിപ്പിച്ച നിലയിലുള്ള ചെറിയ കറുത്ത ഡ്രോണുകളുടെ ചിത്രങ്ങൾ എസ്.ബി.യു പങ്കുവെച്ചിട്ടുണ്ട്.

ഡ്രോണുകൾ യുക്രൈയ്ൻ അതിർത്തിയിൽ നിന്നല്ല, മറിച്ച് വിമാനത്താവളങ്ങളുടെ തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നാണ് പറന്നുയര്‍ന്നതെന്ന്‌ റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. യുക്രെെൻ അതിർത്തിയിൽ നിന്ന് ഏകദേശം 4300 കിലോമീറ്റർ അകലെയുള്ള  ബെലയ വിമാനത്താവളവും, വടക്കൻ അതിർത്തികളിൽ നിന്ന് ഏകദേശം 2000 കിലോമീറ്റർ അകലെയുള്ള ഒലെന്യ വിമാനത്താവളവും ആക്രമിക്കപ്പെട്ടു. ഈ രണ്ട് വിമാനത്താവളങ്ങളിലും റഷ്യൻ വിമാനങ്ങൾ തീപിടിക്കുന്നതും റൺവേയ്ക്ക് മുകളിൽ വന്‍തോതില്‍ പുക ഉയരുന്നതുമായ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റഷ്യയുടെ തന്ത്രപരമായ ബോംബർ വിമാനങ്ങളിൽ മൂന്നിലൊന്നിലധികം ഈ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടുവെന്ന് യുക്രൈൻ പറയുന്നു. റഷ്യയുടെ TU-95 “Bear” ആണവ ബോംബറുകൾ, TU-22 “Backfire” ഫാസ്റ്റ്-അറ്റാക്ക് ബോംബറുകൾ, A-50 “Mainstay” കമാൻഡ് ആൻഡ് കൺട്രോൾ ജെറ്റുകൾ എന്നിവ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഒന്നരവർഷം നീണ്ട തയാറെടുപ്പ്

റഷ്യൻ സൈനിക വ്യോമതാവളങ്ങൾക്കെതിരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണം അസാമാന്യ ഓപ്പറേഷൻ ആയിരുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ്  വൊളോദിമിർ സെലെൻസ്‌കി. ആക്രമണം റഷ്യയ്ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ഇത് ന്യായവും അര്‍ഹിച്ച തിരിച്ചടിയായിരുന്നുവെന്നും സെലെൻസ്‌കിയെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

'സ്പൈഡേഴ്സ് വെബ് എന്ന് പേര് നൽകിയ ഓപ്പറേഷനിൽ, യുക്രെെൻ 117 ഡ്രോണുകൾ ഉപയോഗിച്ചു. റഷ്യയിലെ വ്യോമതാവളങ്ങളിലെ ക്രൂയിസ്  മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒന്നരവർഷം നീണ്ട തയാറെടുപ്പുകൾ ഓപ്പറേഷന് പിന്നിലുണ്ടായിരുന്നു. ഓരോ ചെറിയ കാര്യങ്ങളും തികഞ്ഞ കൃത്യതയോടെയാണ് നടപ്പാക്കിയത്-  സെലൻസ്കി എക്സിൽ കുറിച്ചു.

ആക്രമണം നടത്തുന്നതിന് തൊട്ടുമുൻപ്, റഷ്യ തങ്ങള്‍ക്കെതിരെ മറ്റൊരു ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന രഹസ്യ വിവരം  ലഭിച്ചിരുന്നതായും അദ്ദേ​ഹം വ്യക്തമാക്കി. യുക്രൈനെ ഈ ആക്രമണത്തിൽ സഹായിച്ച ആളുകളെ, ഓപ്പറേഷന് മുൻപ് റഷ്യൻ പ്രദേശത്ത് നിന്ന് പിൻവലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. റഷ്യയുടെ നാൽപ്പതിൽ അധികം തന്ത്രപ്രധാനമായ വ്യോമയാന യൂണിറ്റുകളെ ഇല്ലാതാക്കിയത് സംതൃപ്തി നൽകുന്നതാണ്. ഓപ്പറേഷൻ ഇനിയും തുടരും. ആരുമായിട്ടാണ് പോരാടുന്നതെന്ന് കൃത്യമായി അറിയാം. ലഭ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും യുക്രെെനും യുക്രെെൻ ജനതയ്ക്കും വേണ്ടി സ്വയം പ്രതിരോധിക്കും. സെലൻസ്കി പറഞ്ഞു.

ഒരു നിമിഷം പോലും യുക്രൈൻ ഈ യുദ്ധം ആഗ്രഹിച്ചിരുന്നില്ല. മാർച്ച് 11 മുതൽ, സമ്പൂർണ്ണ വെടിനിർത്തലിനായുള്ള അമേരിക്കയുടെ നിർദ്ദേശം മേശപ്പുറത്തുണ്ടായിരുന്നു. ലോകം മുഴുവൻ ആവശ്യപ്പെട്ടിട്ടും യുദ്ധം തുടരണമെന്ന തീരുമാനമെടുത്തത് റഷ്യയാണെന്നും യുക്രൈൻ പ്രസിഡന്റ് കൂട്ടിചേർത്തു.

ഇരു രാജ്യങ്ങളും തമ്മിൽ ഇസ്താംബൂളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകൾക്ക് ഒരു ദിവസം മുൻപായിരുന്നു യുക്രൈൻ ആക്രമണം. കിഴക്കൻ സൈബീരിയൻ നഗരമായ ബെലയ, ഫിൻലൻഡിനടുത്തുള്ള ആർട്ടിക്കിലെ ഓലെനിയ, മോസ്കോയുടെ കിഴക്ക് ഭാഗത്തുള്ള ഇവാനോവോ, ഡയാഗിലേവോ എന്നിവിടങ്ങളിലെ റഷ്യൻ വ്യോമതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഞായറാഴ്ച, യുക്രൈനോട് അതിർത്തി പങ്കിടുന്ന റഷ്യൻ പ്രദേശങ്ങളിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് പാലങ്ങൾ തകരുകയും ട്രെയിനുകൾ പാളം തെറ്റി കുറഞ്ഞത് ഏഴ് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. കുർസ്ക്, ബ്രിയാൻസ്ക് പ്രദേശങ്ങളിലെ പാലങ്ങളാണ് തകർന്നത്. സ്ഫോടനങ്ങളിലൂടെയാണ് പാലങ്ങൾ തകർന്നതെന്ന് റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നതായും വിവരമുണ്ട്.

Content Highlights: Zelensky claims a brilliant operation, justifying the attack as deserved