ഹൂതി ഭീഷണി ചെറുക്കാൻ സൗദിക്ക് പ്രതിരോധസഹായവുമായി ബ്രിട്ടൻ; യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറച്ചുനൽകും

ലണ്ടൻ: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളിൽനിന്നുള്ള ആക്രമണം വർധിച്ച സാഹചര്യത്തിൽ, സൗദി അറേബ്യക്ക് ബ്രിട്ടൻ പ്രതിരോധ വ്യോമസഹായം നൽകും. സൗദി അറേബ്യൻ യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറച്ചുനൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം വ്യക്തമാക്കി.
സൈപ്രസിലെ റോയൽ എയർഫോഴ്സ് (ആർ.എ.എഫ്) താവളത്തിൽ നിന്നുള്ള ‘വോയേജർ’ എന്ന ബ്രിട്ടീഷ് വിമാനമായിരിക്കും ഈ ദൗത്യത്തിൽ പങ്കാളിയാകുക. റോയൽ എയർഫോഴ്സിന്റെ പക്കലുള്ള ഒമ്പത് വോയേജർ വിമാനങ്ങളുടെ കൂട്ടത്തിൽ നിന്നുള്ള ഒന്നാണിത്. വരുംദിവസങ്ങളിൽ തന്നെ ഈ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
സൗദി അറേബ്യ സൈനിക സഹായം അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ‘സൈനിക സഹായത്തിനായി സൗദി അറേബ്യൻ ഭരണകൂടം അഭ്യർഥന ലഭിച്ചിരുന്നു. ഡിഫൻസ് സെക്രട്ടറിയുടെയും ഫോറിൻ സെക്രട്ടറിയുടെയും ഉപദേശത്തെത്തുടർന്ന്, ആകാശത്തുവെച്ച് ഇന്ധനം നിറച്ചുനൽകുന്ന പ്രതിരോധ സഹായം നൽകാൻ കഴിഞ്ഞ രാത്രി ഞാൻ സമ്മതിക്കുകയായിരുന്നു.’- പ്രധാനമന്ത്രി പറഞ്ഞു.
ഹൂതികൾ തൊടുത്തുവിടുന്ന മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്ന സൗദി വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇന്ധനം നിറച്ചുനൽകുക മാത്രമായിരിക്കും ബ്രിട്ടീഷ് വിമാനം ചെയ്യുക. ഹൂതികൾക്കെതിരായ നേരിട്ടുള്ള ആക്രമണങ്ങളിൽ ബ്രിട്ടൻ പങ്കാളിയാകില്ല. മാത്രമല്ല, ആദ്യഘട്ടത്തിൽ ഏതാനും ആഴ്ചകൾ മാത്രമായിരിക്കും ഇത് നീണ്ടുനിൽക്കുകയെന്നും ബ്രിട്ടീഷ് അധികൃതർ അറിയിച്ചു.
Content Highlights: The United Kingdom has agreed to provide defensive air-to-air refuelling support to Saudi Arabian warplanes to help counter rising attacks from Houthi rebels.