യുഎസ് എതിർപ്പ്; ചാഗോസ് കൈവിടില്ലെന്ന് ബ്രിട്ടൻ, അധികാരം മൗറീഷ്യസിനു കൈമാറാനുള്ള കരാർ മരവിപ്പിച്ചു

#ന്യൂസ് ഡെസ്ക്
ചാഗോസ് ദ്വീപുകളുടെ ഭാഗമായ ഡീഗോ ഗാര്‍ഷ്യ ദ്വീപ് | Photo: AP
ചാഗോസ് ദ്വീപുകളുടെ ഭാഗമായ ഡീഗോ ഗാര്‍ഷ്യ ദ്വീപ് | Photo: AP

ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിനു കൈമാറാനുള്ള കരാർ മരവിപ്പിച്ചതായി ബ്രിട്ടീഷ് സർക്കാർ ശനിയാഴ്ച അറിയിച്ചു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിനു പിന്നാലെയാണ് ഈ തീരുമാനം. ചാഗോസ് ദ്വീപുകളിൽ ഒന്നായ ഡീഗോ ഗാർഷ്യയിലാണ് യു.എസ്.-ബ്രിട്ടീഷ് സേനാതാവളം സ്ഥിതിചെയ്യുന്നത്.

ദ്വീപുകൾ മൗറീഷ്യസിന് കൈമാറുന്നതിനുള്ള നിർദിഷ്ടനിയമം അടുത്ത പാർലമെൻറ് സമ്മേളനത്തിലെ അജൻഡയിൽ ഉണ്ടാകില്ലെന്ന് ബ്രിട്ടീഷ് പത്രമായ ‘ദ ടൈംസ്’ റിപ്പോർട്ടുചെയ്തു. അതേസമയം, കരാറിന് യു.എസിന്റെ ഔദ്യോഗിക അംഗീകാരം നേടിയെടുക്കാൻ ബ്രിട്ടൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാമറുടെ ഓഫീസ് പറഞ്ഞു.

ചാഗോസ് മൗറീഷ്യസിനു കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനം ‘വലിയ അബദ്ധമാണെ’ന്ന് ഫെബ്രുവരിയിൽ ട്രംപ് പറഞ്ഞിരുന്നു. ദ്വീപുകൾ കൈമാറാൻ മൗറീഷ്യസുമായുണ്ടാക്കിയ കരാറനുസരിച്ച് ഡീഗോ ഗാർഷ്യ 99 വർഷം ബ്രിട്ടന്റെ നിയന്ത്രണത്തിലായിരിക്കും. ഇവിടത്തെ യു.എസിന്റെ സൈനികതാത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ നടപടി. ഡീഗോ ഗാർഷ്യയിലെ സേനാതാവളത്തിന്റെ സുരക്ഷിതത്വം ദീർഘകാലത്തേക്ക് ഉറപ്പാക്കുകയെന്നത് ബ്രിട്ടന്റെ മുൻഗണനകളിൽ ഒന്നാണെന്ന് ബ്രിട്ടീഷ് സർക്കാർ വക്താവ് പറഞ്ഞു.

സമീപകാലത്ത് ബ്രിട്ടനും യു.എസും തമ്മിലുള്ള ബന്ധത്തിൽ ഉരസലുണ്ടായിരുന്നു. ഇറാനുനേരെയുള്ള യു.എസ്.-ഇസ്രയേൽ യുദ്ധത്തിൽ പങ്കുചേരാൻ സ്റ്റാമർ തയ്യാറാകാതിരുന്നതും ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാതിരുന്നതുമാണ് ഇതിനു കാരണം.

Content Highlights: UK suspends the treaty to transfer Chagos Islands to Mauritius., Decision follows criticism from US President Donald Trump regarding security., Diego Garcia military base remains a priority for long-term UK-US defense strategy., Future legislative agenda excludes the handover bill for now., Geopolitical friction identified between Starmer's administration and the US.