‘ഒരുബില്യൺ ഡോളറും സുന്ദരിയേയും തരണം, ഇല്ലെങ്കിൽ..’; തുർക്കിക്ക് ഭീഷണിയുമായി യുഗാണ്ടയുടെ സൈനികമേധാവി

#ന്യൂസ് ഡെസ്ക്
മുഹൂസി കെയ്‌നെരുഗാബ | Photo: AP
മുഹൂസി കെയ്‌നെരുഗാബ | Photo: AP

കംപാല: തുർക്കിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് ഭാര്യയാക്കാൻ തുർക്കിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയേയും നൽകണമെന്നാണ് മുഹൂസിയുടെ ആവശ്യം. സാമൂഹികമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ഈ ആവശ്യങ്ങൾ ഇതിനകം വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. യുഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി.

ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ മുഹൂസി കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിങ്ങനെ- യുഗാണ്ടയുടെ അയൽരാജ്യമായ സൊമാലിയയിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽനിന്ന് തുർക്കി നേട്ടമുണ്ടാക്കുന്നു. എന്നാൽ, ഏകദേശം രണ്ടുപതിറ്റാണ്ടായി ആഫ്രിക്കൻ യൂണിയൻ ദൗത്യങ്ങളിലൂടെ സൊമാലിയയിലെ അൽ ഷബാബ് എന്ന ഭീകരസംഘടനയ്‌ക്കെതിരേ പോരാടുന്നതിനുള്ള കനത്ത ഭാരം യുഗാണ്ടയ്ക്ക് പേറേണ്ടിവന്നിട്ടുണ്ട്. അതായത്, ആഫ്രിക്കൻ യൂണിയൻ ദൗത്യങ്ങൾക്ക് യുഗാണ്ട ദീർഘകാലം നൽകിയ സേവനങ്ങൾക്കുള്ള സുരക്ഷാലാഭവിഹിതം എന്ന നിലയ്ക്കാണ് മുഹൂസി പണം ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപക്ഷം ഒരുമാസത്തിനകം നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും മുഹൂസി ഭീഷണി മുഴക്കിയിട്ടുണ്ട്. യുഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ തുർക്കിയുടെ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും എന്നിങ്ങനെയാണ് ഭീഷണി.

ഇതാദ്യമായല്ല മുഹൂസി ഇത്തരം വിചിത്രമായ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. 2022-ൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കാൻ നൂറ് അങ്കോലെ പശുക്കളെ നൽകാൻ തയ്യാറാണെന്ന വാഗ്ദാനവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. നിരസിക്കുന്നപക്ഷം റോം പിടിച്ചെടുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.

മാത്രമല്ല, സമീപരാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി രണ്ടാഴ്ചയ്ക്കുള്ളിൽ പിടിച്ചെടുക്കുമെന്നും 2022-ൽ ഭീഷണി മുഴക്കി. ഈ പ്രസ്താവനയ്ക്ക് അദ്ദേഹത്തിന്റെ പിതാവു കൂടിയായ മുസെവെനിക്ക് കെനിയയോട് ക്ഷമാപണം നടത്തേണ്ടിവരികയും ചെയ്തിരുന്നു.

Content Highlights: General Muhoozi Kainerugaba demands $1 billion and a bride from Turkey., Justification based on Uganda's long-term security role against Al-Shabaab in Somalia., Threats issued to close the Turkish embassy in Kampala by 2026., Pattern of controversial behavior by the Ugandan President's son., Potential for severe diplomatic fallout if demands remain unmet.