‘ഓഹരി വിപണിയിൽനിന്ന് നേടുന്നത് ശതകോടികൾ, എല്ലാം രാജ്യത്തിനുവേണ്ടി’; വിമർശനങ്ങൾക്ക് ട്രംപിന്റെ മറുപടി

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

വാഷിങ്ടൺ: ഓഹരി വിപണിയിലെ ഇടപാടുകളിലൂടെ ശതകോടിക്കണക്കിന് ഡോളർ സമ്പാദിച്ചിട്ടുണ്ടെന്നും എല്ലാം രാജ്യത്തിനുവേണ്ടിയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പണം ഉണ്ടാക്കിയത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ട്രംപിൻ്റെ ഓഹരി വിപണി ഇടപാടുകളിൽ ഡെമോക്രാറ്റിക് പാർട്ടിയിൽനിന്ന് കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ട്രംപിൻ്റെ പോസ്റ്റ്.

താൻ അമേരിക്കയ്ക്ക് വേണ്ടിയാണ് ശതകോടികളുടെ ഓഹരി ഇടപാടുകളും മറ്റ് നിക്ഷേപങ്ങളും നടത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്റൽ ഓഹരിസൂചിക കാണിച്ചിരിക്കുന്ന സ്ക്രീനുകൾക്ക് നടുവിൽ റെസല്യൂട്ട് ഡെസ്കിലിരിക്കുന്ന എഐ നിർമിത ചിത്രവും ട്രംപ് ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

ട്രംപ് ഭരണകൂടം 2025-ഓഗസ്റ്റിൽ പ്രമുഖ ചിപ്പ് നിർമാതാക്കളായ ഇന്റൽ കോർപ്പറേഷന്റെ 10 ശതമാനത്തോളം ഓഹരികൾ സ്വന്തമാക്കിയിരുന്നു. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കായ 20.47 ഡോളർ നിരക്കിൽ 433.3 ദശലക്ഷം ഓഹരികളാണ് അന്ന് വാങ്ങിയത്. ഇതിനായി ഏകദേശം 8.9 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്.

വിപണിയിൽ വലിയ മുന്നേറ്റം നടത്തുന്ന ഇന്റലിന്റെ ഓഹരിമൂല്യം ഈ വർഷം ഇതുവരെ 143.27 ശതമാനവും കഴിഞ്ഞ ഒരു വർഷത്തിനിടെ 291.34 ശതമാനവും വർധിച്ചിട്ടുണ്ട്. ട്രംപിന്റെ വെളിപ്പെടുത്തലുകൾ അനുസരിച്ച്, 2025-ൽ ക്രിപ്റ്റോ ഇടപാടുകളിൽനിന്ന് മാത്രം അദ്ദേഹത്തിന്റെ കമ്പനികൾ 1.4  ബില്യൺ ഡോളറിലധികം (ഏകദേശം 13,228 കോടി രൂപ) വരുമാനമുണ്ടാക്കിയിട്ടുണ്ട്.

അതേസമയം, പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്നത് നിരോധിക്കണമെന്ന് ഡെമോക്രാറ്റുകൾ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾ ഓഹരി വിപണിയിലോ ഡിജിറ്റൽ അസറ്റുകളിലോ പ്രവചന വിപണി കരാറുകളിലോ ഏർപ്പെടുന്നത് തടയുന്ന ‘സെൽ യുവർ സ്റ്റോക്ക്സ് ഓർ സ്റ്റെപ്പ് ഡൗൺ ആക്ട്’ എന്ന പുതിയ ബിൽ ഡെമോക്രാറ്റിക് പ്രതിനിധിയായ യൂജിൻ വിൻഡ്മാൻ ഓഗസ്റ്റിൽ സഭയിൽ അവതരിപ്പിച്ചിരുന്നു.

Content Highlights: Donald Trump stated that his billions in stock market profits are for the US, not personal gain., Trump highlighted Intel share gains from $20 to $95 following administration investments., Democrats introduced the Sell Your Stock or Step Down Act to ban officials from stock trading., Trump's crypto ventures generated over $1.4 billion in revenue in 2025.