'ട്രൂത്ത് സോഷ്യൽ' മുതൽ 'ട്രംപ് ടിവി' വരെ; മാധ്യമങ്ങളെ പടിയിറക്കി ബദൽ ശൃംഖലയുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലെ വാർത്താ മാധ്യമങ്ങളും വൈറ്റ് ഹൗസും തമ്മിലുള്ള പോര് രൂക്ഷമാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. വൈറ്റ് ഹൗസും പരമ്പരാഗത മാധ്യമങ്ങളും തമ്മിലുള്ള തർക്കത്തിനൊടുവിൽ സെപ്റ്റംബർ 21-ന് ‘ട്രംപ് ടിവി’ എന്ന 24 മണിക്കൂർ ലൈവ് സ്ട്രീമിങ് സേവനത്തിനാണ് ട്രംപ് ഭരണകൂടം തുടക്കമിട്ടത്. എന്നാൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ച് മാധ്യമങ്ങളുമായുള്ള ഈ തർക്കം ആദ്യമായിട്ടല്ല. പരമ്പരാഗത വാർത്താ മാധ്യമങ്ങളെയും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും മറികടന്ന്, ഇന്ന് സ്വന്തം മാധ്യമ ശൃംഖല തീർത്ത് തൻ്റെ ആശയങ്ങൾ പങ്കുവെക്കുന്ന ഏക ഭരണാധികാരിയാണ് ട്രംപ്.
2021 ജനുവരിയിൽ അമേരിക്കൻ ക്യാപിറ്റോളിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഇതോടെയാണ് ബിഗ് ടെക് കമ്പനികളുടെ നിയന്ത്രണങ്ങൾക്കെതിരെ പ്രതികരിക്കാനെന്ന പേരിൽ 2022-ന്റെ തുടക്കത്തിൽ 'ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പ്' (TMTG) 'ട്രൂത്ത് സോഷ്യൽ' എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്.
അഭിപ്രായസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഈ സംരംഭം പിന്നീട് 'ട്രൂത്ത്+' സ്ട്രീമിങ് സേവനത്തിലേക്കും 'ട്രൂത്ത് എ.പി.ഐ'യിലേക്കും വികസിപ്പിച്ചു. ഇതിന്റെ തുടർച്ചയെന്നോണമാണ് സെപ്റ്റംബർ 21-ന് വൈറ്റ് ഹൗസ് "ട്രംപ് ടിവി: ദി എസൻഷ്യൽസ് സ്റ്റേഷൻ" ഔദ്യോഗികമായി ആരംഭിച്ചത്. വൈറ്റ് ഹൗസിന്റെ പ്രധാന പരിപാടികളും ഔദ്യോഗിക പ്രസംഗങ്ങളും 24 മണിക്കൂറും തത്സമയം സംപ്രേഷണം ചെയ്യുന്ന സ്ട്രീമിങ് സേവനമാണിത്. ട്രൂത്ത് സോഷ്യലും ട്രൂത്ത് പ്ലസും TMTG നടത്തുമ്പോൾ, ട്രംപ് ടിവി എന്നത് വൈറ്റ് ഹൗസിന്റെ നേരിട്ടുള്ള ഔദ്യോഗിക സംരംഭമാണ്.
സെപ്റ്റംബർ 19-ന് സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം ഭരണകൂടം വിലക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച്, എ.ബി.സി, സി.ബി.എസ്, സി.എൻ.എൻ, ഫോക്സ് ന്യൂസ്, എൻ.ബി.സി എന്നീ അഞ്ച് പ്രധാന ചാനലുകളുടെ പൂൾ കൂട്ടായ്മ വൈറ്റ് ഹൗസിലെ റിപ്പോർട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു. ജനങ്ങൾക്ക് നിഷ്പക്ഷവും കൃത്യവുമായ വിവരങ്ങൾ അറിയാൻ അവകാശമുണ്ടെന്നും വാർത്തകളോട് എതിർപ്പുള്ളതിന്റെ പേരിൽ ഭരണകൂടം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തരുതെന്നും വ്യക്തമാക്കിയാണ് പ്രധാന മാധ്യമങ്ങൾ സംയുക്തമായി ഈ തീരുമാനമെടുത്തത്.
എന്നാൽ ട്രംപ് ഈ പ്രസ്താവനകൾ തള്ളി. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയല്ല, മറിച്ച് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ‘വ്യാജ വാർത്തകൾക്ക്’ എതിരെയുള്ള പോരാട്ടമാണിതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു. അതേസമയം, തങ്ങളെ തടഞ്ഞ ഭരണകൂടത്തിന്റെ തീരുമാനം ഭരണഘടനാപരമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവർ കോടതിയെ സമീപിച്ചിട്ടുണ്ട്.
Content Highlights: The Trump media ecosystem has expanded from Truth Social to include Truth+, Truth API, and TRUMP TV., TRUMP TV is a 24/7 White House video stream providing direct access to administration events and highlights., Major news networks suspended pooled television coverage after the White House barred CNN, MS NOW, and Politico., The strategy reflects a shift toward direct-to-audience presidential communication, bypassing traditional media.