'മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്', ഷീയെ പുകഴ്ത്തി ട്രംപ്; താരിഫ് വെട്ടിക്കുറച്ചു, സുഹൃത്തുക്കളാകാന്‍ ശ്രമിക്കണമെന്ന് ഷീ

ഡൊണാൾഡ് ട്രംപ്, ഷീ ജിൻപിങ് | Photo: AP
ഡൊണാൾഡ് ട്രംപ്, ഷീ ജിൻപിങ് | Photo: AP

സിയോൾ: കടുത്ത സംഘർഷങ്ങൾക്കിടയിൽ കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇരുനേതാക്കളും മുഖാമുഖം കണ്ടുമുട്ടിയത്. ദക്ഷിണ കൊറിയയിൽ വെച്ച് നടന്ന കൂടിക്കാഴ്ച വലിയ ബഹുമതിയാണെന്നും ചൈനീസ് പ്രസിഡന്റുമായി ദീർഘകാലത്തേക്ക് അതിശയകരമായ ഒരു ബന്ധമുണ്ടാകുമെന്ന് കരുതുന്നുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഒരു മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ് എന്നാണ് ഷീ ജിൻപിങ്ങിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും ധാരാളം കാര്യങ്ങളിൽ ഇതിനോടകം ധാരണയിലെത്തിയതായും കൂടുതൽ കാര്യങ്ങളിൽ ഉടൻ ധാരണയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരിഫുകളിൽ 10% കുറവ് വരുത്തൽ, സോയാബീൻ വാങ്ങുന്നത് പുനരാരംഭിക്കൽ, അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതി സംബന്ധിച്ച തർക്കവിഷയളിൽ ധാരണയിലെത്തൽ 

എന്നിവ ഉൾപ്പെടെ ഷീ ജിൻപിങ്ങുമായി സാമ്പത്തിക, വ്യാപാര രംഗങ്ങളിൽ വിപുലമായ ധാരണകളിലെത്തിയതായി ട്രംപ് വ്യക്തമാക്കി.

'ഇതൊരു ഗംഭീരമായ കൂടിക്കാഴ്ചയായിരുന്നു. ഫെൻ്റനൈൽ തടയാൻ പ്രസിഡൻ്റ് ഷി കഠിനമായി പരിശ്രമിക്കും. സോയാബീൻ വാങ്ങുന്നത് ഉടൻ ആരംഭിക്കും. ചൈനയ്ക്കുമേലുള്ള താരിഫുകൾ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറയ്ക്കും. അപൂർവ ഭൗമ ധാതുക്കളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. ചൈനയിൽ നിന്നുള്ള കയറ്റുമതിക്ക് ഇനി തടസ്സങ്ങളൊന്നും ഉണ്ടാകില്ല'. ട്രംപ് വ്യക്തമാക്കി.

ഇരു രാജ്യങ്ങൾക്കും എല്ലായ്പ്പോഴും ഒരേ അഭിപ്രായമല്ല ഉള്ളതെങ്കിലും പങ്കാളികളും സുഹൃത്തുക്കളും ആകാൻ ശ്രമിക്കണമെന്ന് ഷീ ട്രംപിനോട് പറഞ്ഞു. പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം സംയുക്തമായി ഏറ്റെടുക്കാനും ഇരു രാജ്യങ്ങളുടെയും ലോകത്തിൻ്റെയും നന്മയ്ക്കായി കൂടുതൽ മഹത്തായ കാര്യങ്ങൾ നേടിയെടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച വലിയ വിജയമായിരുന്നു എന്നും ചൈനയുടെ റെയർ എർത്ത്സ് കരാറിന് ഒരു വർഷത്തെ കാലാവധിയുണ്ടായിരിക്കുമെന്നും അത് നീട്ടാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് ഷീയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

2019-ൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായാണ് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആ കൂടിക്കാഴ്ചയിൽ, വ്യാപാര, സാമ്പത്തിക സംഘർഷങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം.

Content Highlights: President Trump and Chinese counterpart Xi Jinping met face-to-face after six years in South Korea. Trump praised Xi, expecting a `fantastic relationship` & `great success` after agreeing on key points.