ICC-യുമായി നേരിട്ട് ഏറ്റുമുട്ടാൻ US; നെതന്യാഹു, അഫ്ഗാൻ വിഷയങ്ങൾ അന്വേഷിക്കുന്ന ജഡ്ജിമാർക്ക് വിലക്ക്

വാഷിങ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായുള്ള (ഐസിസി) ഏറ്റുമുട്ടല്‍ കടുപ്പിച്ച് അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മറ്റുള്ളവര്‍ക്കുമെതിരായ കേസുകളില്‍ ഉള്‍പ്പെട്ട ഒരു ഫ്രഞ്ച് ജഡ്ജിക്കും ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് വ്യാഴാഴ്ച ഈ നടപടികളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
ഫ്രാന്‍സിലെ ജഡ്ജി നിക്കോളാസ് ഗില്ലോയെ ലക്ഷ്യമിട്ടാണ് മാര്‍ക്കോ റൂബി പുതിയ പ്രഖ്യാപനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കാരണമായി ഐസിസി പരിഗണിച്ച കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ജഡ്ജാണ് നിക്കോളാസ്. അഫ്ഗാനിസ്ഥാനിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പങ്കുവഹിച്ചതിന് കനേഡിയന്‍ ജഡ്ജി കിംബര്‍ലി പ്രോസ്റ്റിനും യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയില്‍ യാത്രാവിലക്കും ആസ്തി മരവിപ്പിക്കലും നേരിടുന്ന ജഡ്ജി നിക്കോളാസ് ഗില്ലോയ്ക്ക് അന്താരാഷ്ട്ര നിയമ സേവനരംഗത്ത് ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുണ്ട്. മുന്‍പ് കൊസോവോ, ലെബനന്‍ എന്നിവിടങ്ങളിലെ വിചാരണകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒബാമ ഭരണകൂടത്തിന്റെ കാലത്ത് നീതിന്യായ വകുപ്പിനെ സഹായിച്ചുകൊണ്ട് വര്‍ഷങ്ങളോളം അമേരിക്കയില്‍ ചെലവഴിച്ചിട്ടുമുണ്ട്.
കനേഡിയന്‍ ഉദ്യോഗസ്ഥയായ ജഡ്ജി കിംബര്‍ലി പ്രോസ്റ്റ്, യുഎസ് സൈന്യം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടെ, അഫ്ഗാനിസ്ഥാന്‍ യുദ്ധസമയത്തെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഐസിസി അന്വേഷണത്തിന് അനുമതി നല്‍കുന്നതില്‍ മുന്‍പ് പങ്കാളിയായിരുന്നു. ജൂണ്‍ ആദ്യം മറ്റ് നാല് ഐസിസി ജഡ്ജിമാര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഫിജിയിലെ നഷത് ഷമീം ഖാന്‍, സെനഗലിലെ മാമെ മന്‍ഡിയെ നിയാങ് എന്നീ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാരെയും വിലക്കപ്പെട്ടവരുടെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെതന്യാഹുവിനും ഗാലന്റിനുമെതിരായ വാറണ്ടുകള്‍ക്കുള്ള പിന്തുണ ഉള്‍പ്പെടെ, ഇസ്രയേലിനെതിരായ ഐസിസിയുടെ നിയമവിരുദ്ധമായ നടപടികളെ പിന്തുണച്ചതിനാണ് രണ്ട് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാരെയും വിലക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
'നിഷ്പക്ഷമായ നീതിന്യായ സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്‌നമായ ആക്രമണം' എന്നാണ് ഐസിസി ഈ നടപടികളെ വിശേഷിപ്പിച്ചത്. തീരുമാനത്തില്‍ അപലപിച്ച ഫ്രാന്‍സ്, യുഎസിന്റെ പുതിയ നീക്കത്തില്‍ നിരാശയുണ്ടെന്ന് വ്യക്തമാക്കി. അതേസമയം, 'ഇസ്രയേലിനും സൈന്യത്തിനുമെതിരായ അപകീര്‍ത്തികരമായ പ്രചാരണത്തിനെതിരെ നിര്‍ണായകമായ നടപടിയാണ് അമേരിക്ക സ്വീകരിച്ചത്.' മാര്‍ക്കോ റൂബിയോയെ പ്രശംസിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക നടപടികള്‍ക്കിടയില്‍ നെതന്യാഹു യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും ചെയ്തതായി ഐസിസി ആരോപിച്ചിരുന്നു. മുന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് ദീഫ് എന്നിവര്‍ക്കെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദീഫിനെ ഇസ്രയേല്‍ പിന്നീട് കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചിരുന്നു.
Content Highlights: trump vs icc us sanctions on judges probing netanyahu and afghan war world news