'നന്ദി പുതിന്‍'; നൊബേല്‍ ലഭിച്ചില്ലെങ്കിലും നല്ല വാക്കുകള്‍ പറഞ്ഞതിന് നന്ദി പറഞ്ഞ് ട്രംപ്

ന്യൂയോര്‍ക്ക്: ആഗോള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള തന്റെ ശ്രമങ്ങളെ അംഗീകരിച്ചതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന് നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ പ്രവര്‍ത്തികളെ അഭിനന്ദിച്ചുകൊണ്ടുള്ള പുതിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് നന്ദി രേഖപ്പെടുത്തിയത്.
'ദശാബ്ദങ്ങള്‍ നീണ്ട സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും ട്രംപ് പരിഹരിക്കുന്നു.' എന്ന് റഷ്യന്‍ പ്രസിഡന്റ് പറയുന്ന വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട്, 'പ്രസിഡന്റ് പുതിന് നന്ദി!', എന്നാണ് ട്രംപ് കുറിച്ചത്.
വീഡിയോയില്‍ വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയുടെ സമാധാന നൊബേല്‍ പുരസ്‌കാര നേട്ടത്തെക്കുറിച്ച് പുതിന്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് കാര്യമായി ഒന്നും ചെയ്യാത്ത ആളുകള്‍ക്ക് മുമ്പും പുരസ്‌കാരം നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് നൊബേല്‍ കമ്മിറ്റിയുടെ മുന്‍കാല തീരുമാനങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു.
'അര്‍ഹതയില്ലാത്തവര്‍ക്ക് അവര്‍ സമാധാന പുരസ്‌കാരം നല്‍കിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പുകള്‍ പുരസ്‌കാരത്തിന്റെ പ്രശസ്തിക്ക് ദോഷം ചെയ്തു. ലോകത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ആളുകള്‍ക്ക് പുരസ്‌കാരം നല്‍കുന്നതിനെക്കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്തു. പുരസ്‌കാരത്തിന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു.' പുതിന്‍ പറഞ്ഞു.
'യുഎസ് പ്രസിഡന്റ് ഇത് അര്‍ഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ദീര്‍ഘകാലമായുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു. യുക്രൈന്‍ വിഷയത്തില്‍ അദ്ദേഹം ആത്മാര്‍ത്ഥത പുലര്‍ത്തുന്നു. ചില കാര്യങ്ങള്‍ ഫലിച്ചു, ചിലത് ഫലിച്ചില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം തീര്‍ച്ചയായും ശ്രമിക്കുന്നുണ്ട്.' ട്രംപിനെ പ്രശംസിച്ചുകൊണ്ട് പുതിന്‍ പറഞ്ഞു.
2025-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചതു മുതല്‍ ട്രംപ് തന്റെ നിരാശ മറച്ചുവെച്ചിട്ടില്ല. മച്ചാഡോ തന്നെ വിളിച്ചിരുന്നുവെന്നും, പുരസ്‌കാരത്തിന് യഥാര്‍ത്ഥത്തില്‍ അര്‍ഹന്‍ താനാണെന്ന് കരുതിയതിനാലാണ് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം പുരസ്‌കാരം സ്വീകരിച്ചതെന്ന് പറഞ്ഞതായും ട്രംപ് ചൂണ്ടിക്കാട്ടി. 'എങ്കില്‍ അത് എനിക്ക് തരൂ എന്ന് ഞാന്‍ പറഞ്ഞില്ല. അവര്‍ അങ്ങനെ ചെയ്തിട്ടുണ്ടാകാം എന്ന് ഞാന്‍ കരുതുന്നു. അവര്‍ വളരെ നല്ല സ്ത്രീയായിരുന്നു.' എന്നാണ് ട്രംപ് പറഞ്ഞത്.
'ഈ പുരസ്‌കാരം വെനസ്വേലയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കും ഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണായക പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും ഞാന്‍ സമര്‍പ്പിക്കുന്നു!' എന്നാണ് പുരസ്‌കാരം നേടിയ ശേഷം മച്ചാഡോ പറഞ്ഞത്.
അതേസമയം, 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണത്തോട് നോര്‍വീജിയന്‍ കമ്മിറ്റിയും പ്രതികരിച്ചു. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. 'ആല്‍ഫ്രഡ് നൊബേലിന്റെ പ്രവര്‍ത്തനത്തെയും ആഗ്രഹത്തെയും മാത്രം അടിസ്ഥാനമാക്കിയാണ് സമിതി തീരുമാനം എടുക്കുന്നത്.' കമ്മിറ്റി ചെയര്‍ യോര്‍ഗന്‍ വാറ്റ്‌നെ ഫ്രൈഡ്‌നസ് പറഞ്ഞു.
'ഈ കമ്മിറ്റി ഇരിക്കുന്നത് എല്ലാ പുരസ്‌കാര ജേതാക്കളുടെയും ചിത്രങ്ങള്‍ നിറഞ്ഞ ഒരു മുറിയിലാണ്, ആ മുറി ധൈര്യവും ആത്മാര്‍ത്ഥതയും കൊണ്ട് നിറഞ്ഞതാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, 'സമാധാനത്തേക്കാള്‍ രാഷ്ട്രീയത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. പ്രസിഡന്റ് ട്രംപ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നതും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതും ജീവന്‍ രക്ഷിക്കുന്നതും തുടരും.' എന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവന്‍ ച്യൂങ് എക്‌സില്‍ കുറിച്ചു.
Content Highlights: Donald Trump thanked Vladimir Putin for acknowledging his crisis-solving efforts after being snubbed for the Nobel Peace Prize. Putin criticized past awardees.