ബ്രാൻഡഡ് മരുന്നുകൾക്കുശേഷം സിനിമയും ഫർണിച്ചറും; തീരാതെ ട്രംപിന്റെ തീരുവഭീഷണി, വിശദാംശങ്ങളിൽ അവ്യക്തത

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് | Photo: AFP
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് | Photo: AFP

വാഷിംങ്ടൺ: താരിഫിലൂടെയുള്ള പ്രതികാര നടപടികൾ തുടർന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വിദേശത്തുനിർമിച്ച സിനിമകൾക്കും വീട്ടുപകരണങ്ങൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്നുള്ള പ്രഖ്യാപനമാണ് ഏറ്റവും ഒടുവിലായി ട്രംപ് നടത്തിയിരിക്കുന്നത്. ബ്രാൻഡഡ് മരുന്നുകൾക്കും കിച്ചൺ കാബിനറ്റുകൾക്കും തീരുവ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്.

സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽകൂടി ട്രംപുതന്നെയാണ് പ്രഖ്യാപനം നടത്തിയത്. ‘ചൈനയ്ക്കും മറ്റു രാജ്യങ്ങൾക്കുമായി തങ്ങളുടെ ഫർണിച്ചർ വ്യവസായം പൂർണമായും നഷ്ടപ്പെടുത്തി. നോർത്ത് കരോലിനയെ വീണ്ടും മികച്ചതാക്കുന്നതിനായി അമേരിക്കയ്ക്ക് പുറത്ത് നിർമിച്ച ഫർണിച്ചറുകൾക്ക് കനത്ത തീരുവ ചുമത്തും’, എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. വിശദാംശങ്ങൾ വഴിയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

വിദേശത്തുനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫർണിച്ചറുകൾക്ക് നികുതി ചുമത്തുമ്പോൾ അത് ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും ബാധിക്കുകയെന്നാണ് വിലയിരുത്തൽ.

അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും നൂറ് ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും ട്രംമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങൾ അമേരിക്കയുടെ സിനിമാ വ്യവസായത്തെ മോഷ്ടിച്ചുവെന്നാരോപിച്ചാണ് സിനിമാ മേഖലയിൽ ട്രംപ് താരീഫ് ഏർപ്പെടുത്താനുള്ള ട്രംപിന്‍റെ തീരുമാനം. ഇത് ബോളിവുഡ് അടക്കമുള്ള ഇന്ത്യൻ സിനിമാ മേഖലയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

നേരത്തെ ട്രംപ് കിച്ചന്‍ കാബിനറ്റുകള്‍, ബാത്ത്‌റൂം വാനിറ്റികള്‍ എന്നിവയ്ക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. അപ്‌ഹോള്‍സ്റ്ററി ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്നും നേരത്തെ അറിയിച്ചുന്നു. എന്നാൽ, ഇതുസംബന്ധിച്ച നിയമവശങ്ങളോ കൂടുതല്‍വിവരങ്ങളോ അദ്ദേഹം അന്ന് പങ്കുവെച്ചിരുന്നില്ല. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താതെയാണ് പ്രഖ്യാപനം.

അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്ടാബർ ഒന്നാം തീയതി മുതൽ 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് വൻതോതിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് തിരിച്ചടിയായേക്കുമെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫർണിച്ചറുകളേയും ട്രംപ് ലക്ഷ്യമിട്ടിരിക്കുന്നത്.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്‌ക്കെതിരേ ട്രംമ്പ് തീരുവ യുദ്ധം പ്രഖ്യാപിക്കുന്നത്. 50 ശതമാനം തീരുവയായിരുന്നു ഇന്ത്യക്കെതിരേ ട്രംപ് ഏർപ്പെടുത്തിയത്. ഇത് വൻതോതിൽ പ്രത്യാഘാതം ഇന്ത്യൻ സമുദ്രോത്പന്ന മേഖലയിലടക്കം വരുത്തിവെച്ചിരുന്നു. ആദ്യം 25 ശതമാനം തീരുവ ചുമത്തിയ ട്രംപ് ഭരണകൂടം, ഓഗസ്റ്റ് 27 മുതല്‍ ഇത് 50 ശതമാനമാക്കി വര്‍ധിപ്പിക്കുകയായിരുന്നു. യുക്രൈൻ യുദ്ധത്തിനെ സഹായിക്കും വിധത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു ട്രംപ് തീരുവ യുദ്ധത്തിന് തുടക്കമിട്ടത്.

Content Highlights: US Expands Trade Tensions: New Tariffs Loom on Furniture Imports