'തീരുവകൾ പ്രാബല്യത്തിലുണ്ട്, അവ ഇല്ലാതായാല്‍ യുഎസ് സാമ്പത്തികമായി ദുര്‍ബലമാകും'; കോടതിവിധിയിൽ ട്രംപ്

trump
trump

വാഷിങ്ടണ്‍: വിവിധരാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തിയ തീരുവകള്‍ പ്രാബല്യത്തില്‍ തുടരുമെന്നും നീക്കംചെയ്താല്‍ അത് രാജ്യത്തെ ദേഷകരമായി ബാധിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രഖ്യാപിച്ച തീരുവകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാര ലംഘനവുമാണെന്ന് യുഎസ് കോടതി വിധിച്ചതിനു തൊട്ടുപിന്നാലെ ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. താരിഫുകള്‍ തുടരാന്‍ അനുമതി നല്‍കിയ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദ ഫെഡറല്‍ സര്‍ക്യൂട്ട്, ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ട്രംപിന് സമയം അനുവദിച്ചിട്ടുണ്ട്.

'എല്ലാ തീരുകളും ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ഇന്ന് ഒരു അപ്പീലില്‍ നമ്മുടെ തീരുവകള്‍ നീക്കംചെയ്യണമെന്ന് കോടതിയുടെ തെറ്റായ വിധിവന്നു. പക്ഷേ, അവസാനം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക തന്നെ വിജയിക്കുമെന്ന് അവര്‍ക്കറിയാം. ഈ തീരുവകള്‍ ഇല്ലാതായാല്‍ അത് രാജ്യത്തിന് ദുരന്തമായിത്തീരും. അത് നമ്മെ സാമ്പത്തികമായി ദുര്‍ബലമാക്കും, നമ്മള്‍ ശക്തരായിരിക്കണം,' ട്രംപ് കുറിച്ചു.

നമ്മുടെ ഉത്പാദകരെയും കര്‍ഷകരെയും ദുര്‍ബലപ്പെടുത്തുന്ന സുഹൃത്തോ ശത്രുവോ ആയ രാജ്യങ്ങള്‍ ചുമത്തുന്ന വലിയ വ്യാപാരക്കമ്മികളും അന്യായമായ താരിഫുകളും താരിഫ് ഇതര വ്യാപാര തടസങ്ങളും യുഎസ്എ ഇനി അനുവദിച്ചുകൊടുക്കില്ല. ഇത് തുടരാന്‍ അനുവദിച്ചാല്‍ അത് അക്ഷരാര്‍ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളെ നശിപ്പിക്കും', ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ അഭിപ്രായത്തില്‍, അമേരിക്കന്‍ നിര്‍മിത ഉത്പന്നങ്ങളുണ്ടാക്കുന്ന തൊഴിലാളികളെയും കമ്പനികളെയും സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് തീരുവകള്‍.

ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട്(ഐഇഇപിഎ) ഉപയോഗിച്ച് മറ്റുരാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ നിയമവിരുദ്ധമാണെന്നാണ് യുഎസിലെ അപ്പീല്‍ കോടതി വിധിച്ചത്. തീരുവ ചുമത്തിയതിലൂടെ ട്രംപ് തന്റെ അധികാരം മറികടന്നതായും ഈ തീരുവകള്‍ വ്യാപാര ചര്‍ച്ചകള്‍ക്കായും വിദേശരാജ്യങ്ങളെ സമ്മര്‍ദത്തിലാക്കാനും ഉപയോഗിച്ചെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍.

ട്രംപിന്റെ തീരുവ പ്രഖ്യാപനം ഇല്ലാത്ത അധികാര പ്രയോഗമാണെന്നും ചട്ടവിരുദ്ധമാണെന്നും കഴിഞ്ഞ മേയില്‍, കീഴ്‌ക്കോടതിയായ യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷനല്‍ ട്രേഡും വിധിച്ചിരുന്നു. ഇതിനെതിരെയാണ് ട്രംപ് ഭരണകൂടം യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദ ഫെഡറല്‍ സര്‍ക്യൂട്ടിനെ സമീപിച്ചത്.

Content Highlights: Trump insists on keeping tariffs, claiming removal would weaken the US economy, despite court ruling