ഇന്ത്യയ്ക്ക് 50% തീരുവചുമത്തിയത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടി- അവകാശവാദവുമായി ട്രംപ്

വാഷിങ്ടണ്‍: റഷ്യയിൽനിന്ന് പെട്രോളിയം വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയ്ക്കുമേല്‍ ഉയർന്ന തീരുവ ചുമത്തിയ നടപടി റഷ്യയ്ക്ക് തിരിച്ചടിയായെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ അവകാശവാദം. ഇത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടെ സമ്പദ്‌വ്യവസ്ഥ നിലവില്‍ മോശം സ്ഥിതിയിലാണ്. റഷ്യ അവരുടെ രാജ്യത്തെ വീണ്ടും പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിക്കണം. അതിനുള്ള ശക്തി അവര്‍ക്കുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'ലോകത്തിലെ ഏറ്റവുംവലിയ രാജ്യമാണ് റഷ്യ. നല്ല രീതിയില്‍ തുടരാനുളള സാഹചര്യം അവര്‍ക്കുണ്ട്. എന്നാല്‍ അവരുടെ സമ്പദ്‌വ്യവസ്ഥ നിലവില്‍ നല്ലനിലയിലല്ല', ട്രംപ് അഭിപ്രായപ്പെട്ടു.
റഷ്യയുടെ പക്കല്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരായുള്ള താക്കീത് എന്നനിലയിൽ 50 ശതമാനം അധികതീരുവ ഏര്‍പ്പെടുത്തിയ നടപടി റഷ്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നുവെന്നും ട്രംപ് ഇന്ത്യയെ പരാമര്‍ശിക്കാതെ ചൂണ്ടിക്കാട്ടി. 'റഷ്യയില്‍നിന്ന് എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്ന്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു പരാമര്‍ശം.
അതേസമയം, യുഎസിന്റെ തീരുവ വര്‍ധന മുന്‍നിര്‍ത്തിയുള്ള ഭീഷണി ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. അന്യായവും നീതീകരിക്കപ്പെടാനാവാത്തതും യുക്തിരഹിതവുമാണ് യുഎസിന്റെ നടപടിയെന്ന് ഇന്ത്യ വിമര്‍ശിച്ചിരുന്നു.
Content Highlights: trump says india tariffs hit Russian economy hard