ഹോർമുസല്ല, ‘ട്രംപ് കടലിടുക്ക്’; വെടിനിർത്തൽ ആവശ്യം തള്ളിയതിനു പിന്നാലെ ജലപാതയ്ക്ക് സ്വന്തം പേരിട്ട് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സ്വന്തം പേര് നൽകിക്കൊണ്ടുള്ള ചിത്രം പങ്കുവെച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ സമുദ്രപാതയെ മാപ്പിൽ അടയാളപ്പെടുത്തിയാണ് ട്രംപ് കടലിടുക്ക് (ട്രംപ് സ്‌ട്രെയ്റ്റ്) എന്ന് പുനർനാമകരണം ചെയ്തത്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഈ ചിത്രം പങ്കുവെച്ചത്.
നേരത്തേ ഇറാൻ മുന്നോട്ടുവെച്ച ഏഴുദിവസത്തെ വെടിനിർത്തൽ നിർദേശം ട്രംപ് തള്ളിയിരുന്നു. അതിനിടെ നവംബറിലെ മിഡ് ടേം തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരേയുള്ള യു.എസ്. ബോംബാക്രമണം പുനരാരംഭിക്കാൻ ട്രംപ് ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ യു.എസ്. ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്നും ആണവ ചർച്ചകൾ പുനരാരംഭിക്കാമെന്നുമായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ വാഗ്ദാനം. ഇത് തള്ളിയതിനു പിന്നാലെയാണ് ട്രംപ് ഹോർമുസിന്റെ പേര് മാറ്റി ചിത്രം പങ്കുവെച്ചത്. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ് വലിയ പരിഹാസങ്ങൾക്കും ഭൗമശാസ്ത്രപരമായ ചർച്ചകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇറാൻ വിദേശകാര്യ മന്ത്രി നിർദേശം മുന്നോട്ടുവെച്ചത്. യു.എസ്. നാവിക ഉപരോധം പിൻവലിക്കുക, എണ്ണ ഉപരോധങ്ങളിൽ ഇളവ് നൽകുക, വെടിനിർത്തൽ പാലിക്കുക എന്നിവയാണ് നിർദിഷ്ട നിബന്ധനകൾ. ഹോർമുസ് ജലപാത വീണ്ടും തുറക്കുന്നതിനായി വ്യക്തമായ ഏഴ് ദിവസത്തെ പ്ലാൻ യു.എസിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അവരാണെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.