ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഞാൻ പങ്കാളിയാകും; നയതന്ത്രജ്ഞർ അഭയം തേടണം- ട്രംപ്

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AP

വാഷിങ്ടൺ:ഇറാന്റെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ ഒരു പങ്കുവഹിക്കാൻ ഉദ്ദേശിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട് എന്ന് പറഞ്ഞ ട്രംപ് ഖമനേയിയുടെ മകൻ സ്വീകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം പരമോന്നത പദവി ഇറാൻ മകൻ മൊജ്തബ ഖമനേയിക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് തള്ളി.

അവർ അവരുടെ സമയം കളയുകയാണ്. ഖമനേയിയുടെ മകൻ പ്രാധാന്യമില്ലാത്തയാളാണെന്നും ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു. 'ഖമനേയിയുടെ മകൻ എനിക്ക് സ്വീകാര്യനല്ല. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്' എന്നും ട്രംപ് പിന്നീട് കൂട്ടിച്ചേർത്തു.

വെനസ്വേലയിൽ മഡുറോയ്ക്ക് ശേഷം ഡെൽസി റോഡ്രിഗസിനെ നിയമിച്ചത് പോലെ ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിലും പങ്കാളിത്തം വഹിക്കുമെന്ന് ട്രംപ് അഭിമുഖത്തിനിടെ പറഞ്ഞു.

'ഇറാന്റെ ഭാവി നേതൃത്വത്തിന്മേൽ എനിക്ക് വലിയ സ്വാധീനമുണ്ടാകും, അല്ലെങ്കിൽ അവർക്ക് ഒരു ഒത്തുതീർപ്പും ഉണ്ടാകില്ല. ആണവായുധങ്ങൾ ഇല്ലാതെ തന്നെ ഇറാനെ മനോഹരമായി നിർമ്മിക്കാൻ കഴിയുന്ന ഒരാളെ അവിടെ എത്തിക്കാൻ ഞങ്ങൾ ജനങ്ങളോടൊപ്പം പ്രവർത്തിക്കും'ട്രംപ് പറഞ്ഞു.

ഇതിനിടെ ട്രംപ് ഇറാനി നയതന്ത്രജ്ഞരോട് അഭയം തേടാൻ ആവശ്യപ്പെട്ടു.'ലോകമെമ്പാടുമുള്ള ഇറാനിയൻ നയതന്ത്രജ്ഞരോട് അഭയം തേടാനും പുതിയതും മെച്ചപ്പെട്ടതുമായ ഇറാൻ രൂപപ്പെടുത്താൻ ഞങ്ങളെ സഹായിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു' വൈറ്റ്ഹൗസിൽ നടന്ന ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞു.

Content Highlights: Donald Trump asserts he will play a role in selecting Iran's future leader., He explicitly rejects Ayatollah Khamenei's son