പുതിനും സെലന്‍സ്‌കിയും തമ്മില്‍ കടുത്ത ശത്രുത; യുദ്ധംനിർത്തൽ ഇത്ര കഠിനമാണെന്ന് കരുതിയില്ല- ട്രംപ്

വൊളോദിമിർ സെലൻസ്കി, ഡൊണാൾഡ് ട്രംപ്, വ്ളാദിമിർ പുതിൻ | ഫോട്ടോ: എ.എഫ്.പി, എ.പി.
വൊളോദിമിർ സെലൻസ്കി, ഡൊണാൾഡ് ട്രംപ്, വ്ളാദിമിർ പുതിൻ | ഫോട്ടോ: എ.എഫ്.പി, എ.പി.

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ളത്‌ കടുത്ത ശത്രുതയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സങ്കീര്‍ണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമെന്നും ട്രംപ് പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന അവകാശവാദത്തില്‍നിന്ന് ട്രംപ് പിന്‍വാങ്ങുന്നതിന്റെ സൂചന നല്‍കുന്നതാണ് പുതിയ പ്രസ്താവന.

ഞാന്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നത് നിസ്സാരമായിരിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ ഇത് കൂടുതല്‍ കഠിനമായി മാറിയിരിക്കുന്നു. സെലന്‍സ്‌കിയും പുതിനും തമ്മിലുള്ള വൈരം അഗാധമാണ്. പരസ്പരമുള്ള ശത്രുതമൂലം ശ്വാസംമുട്ടുന്ന സ്ഥിതിയിലാണ് അവര്‍. അതുകൊണ്ട് അവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും കഴിയുന്നില്ല, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

റഷ്യ-യുക്രൈന്‍ യുദ്ധം താന്‍ അവസാനിപ്പിക്കും എന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. അധികാരത്തിലേറിയതിനു ശേഷവും, താനിടപെട്ട് 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് നിരവധി തവണ ട്രംപ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അധികാരത്തിലെത്തി ഒന്‍പത് മാസം കഴിഞ്ഞിട്ടും വിഷയത്തില്‍ എന്തെങ്കിലും പുരോഗതി കൈവരിക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ല.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് യുക്രൈന് എതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് സഹായകമാകുന്നെന്നും അത് നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് 25 ശതമാനം പിഴത്തീരുവ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ ഭീഷണി വകവെക്കാതിരുന്നതോടെ റഷ്യയ്ക്കുമേല്‍ ആ നിലയ്ക്കുള്ള സമ്മര്‍ദങ്ങള്‍ ലക്ഷ്യംകണ്ടിരുന്നില്ല.

എല്ലാ നാറ്റോ സഖ്യകക്ഷികളും റഷ്യന്‍ എണ്ണ വാങ്ങുന്നത് പൂര്‍ണ്ണമായും നിര്‍ത്തുകയും സ്വന്തമായി ഉപരോധങ്ങള്‍ നടപ്പിലാക്കുകയും ചെയ്യണമെന്നും അങ്ങനെയെങ്കില്‍ റഷ്യയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുണ്ടായ സംഘര്‍ഷാവസ്ഥ പരിഹരിക്കപ്പെട്ടത് തന്റെ ഇടപെടല്‍ മൂലമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇത് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നെങ്കിലും ട്രംപ് പിന്നീടും നിരവധി തവണ ഈ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: Trump admits Russia-Ukraine war more complex than expected, citing deep animosity between Putin